ക്രൈസ്റ്റ് ചർച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽനിന്ന് ഇന്ത്യ പുറത്ത്. സെമിയിലെത്താൻ ജയം അനിവാര്യമായ മത്സരത്തിൽ ഇന്ത്യയെ മൂന്നു വിക്കറ്റുകൾക്ക് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തി.
ഇതോടെ ഏഴു മത്സരങ്ങളിൽ മൂന്നു വിജയം മാത്രം അക്കൗണ്ടിലുള്ള ഇന്ത്യക്ക് അഞ്ചാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
ലീഗിൽ രണ്ടാം സ്ഥാനക്കാരായി ദക്ഷിണാഫ്രിക്ക നേരത്തേതന്നെ സെമി ഉറപ്പിച്ചതാണ് സ്കോർ: 50 ഓവറിൽ 274/7. ദക്ഷിണാഫ്രിക്ക 50 ഓവറിൽ 275/7.
നിർഭാഗ്യ നോബോൾ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ അവസാനപന്തിൽ വരെ പൊരുതിയാണ് ഇന്ത്യ കീഴടങ്ങിയത്. അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാൻ ഏഴു റണ്‍സാണു വേണ്ടിയിരുന്നത്.
ദീപ്തി ശർമ എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ രണ്ടാം റണ്ണിനു ശ്രമിക്കുന്നതിനിടെ ത്രിഷ ചെട്ടി റണ്ണൗട്ടായി.
മിഗ്നോണ്‍ ഡ്യു പ്രീസിനെ അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. അടുത്ത രണ്ടു പന്തുകളിൽ സിംഗിൾ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്കു നേടാനായുള്ളൂ. അഞ്ചാം പന്തിൽ ദീപ്തി ഡ്യു പ്രീസിനെ ഹർമൻപ്രീത് കൗറിന്റെ കൈകളിലെത്തിച്ചു.
ദക്ഷിണാഫ്രിക്കയ്ക്ക് അവസാനപന്തിൽ വിജയിക്കാൻ മൂന്നു റണ്‍സ് വേണ്ടിവന്നു. എന്നാൽ ഇന്ത്യയുടെ ആഘോഷത്തിന് അധികം ആയുസുണ്ടായില്ല.
ദീപ്തിയുടെ ആ പന്ത് അന്പയർ നോ ബോൾ വിളിച്ചു. പ്രീസിന് ജീവൻ തിരിച്ചുകെട്ടി. ഇതോടെ ലക്ഷ്യം രണ്ടു പന്തിൽ രണ്ടു റണ്‍സായി. രണ്ടു പന്തിലും സിംഗിളെടുത്തു ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തു.
ബാറ്റിംഗിൽ മിന്നിച്ച് ഇന്ത്യ
സെമിയിലെത്താൻ ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് ടോസിൽ വിജയിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ബാറ്റർമാർ തിളങ്ങി. മൂന്നുപേർ അർധസെഞ്ചുറി നേടി.
സ്മൃതി മന്ദാന-ഷഫാലി വർമ ഓപ്പണിംഗ് കൂട്ടുകെട്ട് 91 റണ്‍സാണു പിറന്നത്. 53 റണ്‍സ് നേടിയ ഷെഫാലി റണ്ണൗട്ടായി. പെട്ടെന്നുതന്നെ യാസ്തിക ഭാട്യയും (രണ്ട്) പുറത്തായി. പിന്നീട് സ്മൃതിയും ക്യാപ്റ്റൻ മിതാലി രാജും ചേർന്നുള്ള മൂന്നാം വിക്കറ്റ് സഖ്യത്തിൽ 80 റണ്‍സെത്തി.
84 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 71 റണ്‍സ് നേടിയ സ്മൃതി പുറത്തായി. ഹർമൻപ്രീതിനൊപ്പം ചേർന്ന് മിതാലി ഇന്ത്യയെ മുന്നോട്ടു നയിച്ചു.
68 റണ്‍സ് നേടിയ മിതാലിയും പുറത്തായി. ഇതോടെ വനിതാ ലോകകപ്പിൽ അർധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരമെന്ന റിക്കാർഡിൽ മുപ്പത്തിയൊന്‍പതുകാരിയായ മിതാലിയെത്തി.
വനിതാ ലോകകപ്പിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറിയുടെ റിക്കാർഡും ഇന്ത്യൻ ക്യാപ്റ്റന്റെ പേരിലാണ്. മിതാലിയുടെ 64-ാമത്തെ ഏകദിന അർധസെഞ്ചുറിയായിരുന്നു. ക്യാപ്റ്റൻ പുറത്തായശേഷമെത്തിയവർക്ക് ഹർമൻപ്രീതിനു മികച്ച പിന്തുണ നൽകാനായില്ല.
പൂജാ വസ്ത്രാക്കർ (3), റിച്ചാ ഘോഷ് (എട്ട്) എന്നിവർ വേഗത്തിൽ പുറത്തായി. ഹർമൻപ്രീത് 48 റണ്‍സാണെടുത്തത്. ശബ്നിം ഇസ്മായിലും മസബത ക്ലാസും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
ഡ്യു പ്രീസ് മികവ്
275 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 14 റണ്‍സിലെത്തിയപ്പോൾ ലിസെല്ല ലീയെ നഷ്ടപ്പെട്ടു. ലിസെല്ലെ ലീ (ആറ്) റണ്ണൗട്ടായി. എന്നാൽ രണ്ടാം വിക്കറ്റിൽ ലോറ വോൾവാറ്റും ലാറ ഗുഡാളും ഒത്തുചേർന്നു.
ഇരുവരും രണ്ടാം വിക്കറ്റിൽ 125 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 69 പന്തിൽ 49 റണ്‍സെടുത്ത ലാറയെ പുറത്താക്കി രാജേശ്വരി ഗെയ്ക്വാദ് ഈ കൂട്ടുകെട്ട് പൊളിച്ചു. 79 പന്തിൽ 80 റണ്‍സ് എടുത്ത ലോറ പുറത്തായതോടെ ദക്ഷിണാഫ്രിക്ക തകർന്നു.
പിന്നീട് ക്രീസിലെത്തിയവർ തിളങ്ങിയില്ല. സുനെ ലൂസ് (22), മിരിസാനെ കാപ് (32) ചോലെ ട്രയോണ്‍ (17), ത്രിഷ ചെട്ടി (ഏഴ്) എന്നിവർ പുറത്തായി. ഒരറ്റത്ത് വിക്കറ്റ് വീഴുന്പോഴും പിടിച്ചുനിന്ന് പ്രീസ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്കു നയിച്ചു.
63 പന്തിൽ 52 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ടു റണ്‍സോടെ ശബ്നിം ഇസ്മായിൽ പ്രീസിനൊപ്പം പുറത്താകാതെ നിന്നു. രാജേശ്വരിയും ഹർമൻപ്രീതും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ബംഗ്ലാദേശിനെ 100 റണ്‍സിനു പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയിലെത്തി. സ്കോർ ഇംഗ്ലണ്ട് 50 ഓവറിൽ 234/6. ബംഗ്ലാദേശ് 48 ഓവറിൽ 134ന് എല്ലാവരും പുറത്ത്. ഇന്ത്യ പരാജയപ്പെട്ടതോടെ വെസ്റ്റ് ഇൻഡീസും അവസാന നാലിലെത്തി.
ഓസ്ട്രേലിയയും വെസ്റ്റിൻഡീസും തമ്മിൽ ബുധനാഴ്ച ആദ്യ സെമിഫൈനൽ നടക്കും. വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ഏറ്റുമുട്ടും.