ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം നായകരായി മിതാലി രാജിനെയും ഹർമൻപ്രീത് കൗറിനെയും നിലനിർത്തി. ന്യൂസിലൻഡ് പര്യടനത്തിനുള്ള ഏകദിന ടീമിനെ മിതാലിയും ട്വന്റി-20 ടീമിനെ ഹർമൻപ്രീതും നയിക്കും. ജനുവരി 24നാണ് ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനം.
ഇന്ത്യൻ പരിശീലകനായി ഡബ്ല്യു.വി. രാമൻ ചുമതലയേറ്റശേഷമുള്ള ആദ്യ പരന്പരയാണ് ന്യൂസിലൻഡിൽ നടക്കുക. ലോകകപ്പ് ട്വന്റി-20 പോരാട്ടത്തിനിടെ മിതാലി രാജും അന്നത്തെ പരിശീലകനായ രമേശ് പൊവാറും തമ്മിലുണ്ടായ പ്രശ്നത്തെത്തുടർന്നാണ് പുതിയ പരിശീലകനെ ബിസിസിഐ തേടിയത്.
15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ലോകകപ്പ് ട്വന്റി-20 ടീമിലുണ്ടായിരുന്ന വേദ കൃഷ്ണമൂർത്തിയെ ഒഴിവാക്കിയതാണ് ശ്രദ്ധേയ മാറ്റം. വേദ ഏകദിന, ട്വന്റി-20 ടീമുകളിലില്ല. ഏകദിന ടീമിൽ വേദയ്ക്കു പകരം മൊന മെശ്രം ടീമിലെത്തി. പരിക്കേറ്റ പൂജ വസ്ട്രാക്കറിനു പകരം ട്വന്റി-20 ടീമിൽ ശിഖ പാണ്ഡെ ഇടംനേടിയപ്പോൾ വേദയുടെ സ്ഥാനത്ത് പുതുമുഖതാരം പ്രിയ പൂനിയ എത്തി.