ഗോൾഡ്കോസ്റ്റ്: ഇന്ത്യ-ഓസ്ട്രേലിയ വനിതകളുടെ ഏക ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ പിരിഞ്ഞു. നാലു ദിവസ മത്സരത്തിന്റെ ആദ്യ രണ്ടു ദിവസവും മഴ ഭൂരിഭാഗ സമയവും കൈയടക്കിയതോടെ ഇന്ത്യൻ വനിതകളുടെ ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റ് സമനിലയാകുമെന്ന് ഉറപ്പിച്ചിരുന്നു. ഇന്ത്യൻ വനിതകളുടെ സന്പൂർണ ആധിപത്യത്തോടെയാണു മത്സരം അവസാനിച്ചത്.
ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറിയും (127), രണ്ടാം ഇന്നിംഗ്സിൽ 31 റണ്‍സും നേടിയ ഇന്ത്യയുടെ സ്മൃതി മന്ദാനയാണു കളിയിലെ താരം. മൂന്നു ഡിക്ലറേഷനുകൾ കണ്ട അവസാന ദിവസം ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് ഒന്‍പതു വിക്കറ്റിന് 241 റണ്‍സ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് എട്ടു വിക്കറ്റിന് 377 റണ്‍സ് എന്ന നിലയിൽ മൂന്നാം ദിവസം ഡിക്ലയർ ചെയ്തിരുന്നു. ദീപ്തി ശർമ (66), താനിയ ഭാട്യ (22) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ മൂന്നാം ദിവസം വൻ സ്കോറിലെത്തിച്ചത്.
രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ എലിസ് പെറി (68 നോട്ടൗട്ട്), ആഷ്ലി ഗാർഡ്നർ (51), മെഗ് ലാന്നിംഗ് (38), താലിയ മാക്ഗ്രത്ത് (28), എലിസ ഹീലി (29) എന്നിവരുടെ പ്രകടനമാണ് ഓസ്ട്രേലിയയ്ക്കു കരുത്തായത്. ഡിന്നറിനു പിരിഞ്ഞപ്പോൾ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഇന്ത്യക്കു 136 റണ്‍സിന്റെ ലീഡും ലഭിച്ചു.
പൂജാ വസ്ത്രാക്കർ മൂന്നും ജൂലൻ ഗോസ്വാമി, മേഘ്ന സിംഗ്, ദീപ്തി ശർമ എന്നിവർ രണ്ടു വീതവും വിക്കറ്റുകൾ വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്കു ഷെഫാലി വർമയും സ്മൃതി മന്ദാനയും മികച്ച തുടക്കമാണ് നൽകിയത്. 70 റണ്‍സിലെത്തിയപ്പോൾ ഈ സഖ്യം പിരിഞ്ഞു. 31 റണ്‍സ് നേടിയ മന്ദാനയെ മോളിനെക്സ് പുറത്താക്കി. ഗാർഡ്നറിനായിരുന്ന ക്യാച്ച്. യാസ്തിക ഭാട്യയുടെ (3) വിക്കറ്റ് വേഗത്തിൽ നഷ്ടമായി.
മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ പൂനം റൗത്തും ഷെഫാലി വർമയും 48 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യയെ നൂറുകടത്തി. 52 റണ്‍സ് നേടിയ വർമയെ ജോർജിയ വാർഹം വിക്കറ്റിനു മുന്നിൽ കുരുക്കി. 41 റണ്‍സുമായി റൗത്ത് പുറത്താകാതെ നിന്നു. ദീപ്തി ശർമയും (3) പുറത്തായില്ല.
272 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് തുടക്കത്തിലേ വിക്കറ്റ് നഷ്ടമായി. ആറു റണ്‍സ് നേടിയ ഹീലിയെ ഗോസ്വാമി ക്ലീൻബൗൾഡാക്കി. ബേത്ത് മൂണിയുടെ വിക്കറ്റ് വസ്ത്രാക്കർ സ്വന്തമാക്കി. ലാന്നിംഗും (17) പെറിയും (1) ക്രീസിൽ നിൽക്കേ മത്സരം അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റൻമാരും തയാറാകുകയായിരുന്നു.