മുംബൈ: ഇന്ത്യൻ വനിതാ ടീമിനായുള്ള ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം അർധസെഞ്ചുറിയിലൂടെ ആഘോഷിച്ച് ശുഭ സതീഷും ജമിമ റോഡ്രിഗസും. ഇംഗ്ലീഷ് വനിതകൾക്ക് എതിരായ ഏക ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ശുഭ 76 പന്തിൽ 69ഉം ജമിമ 99 പന്തിൽ 68ഉം റണ്‍സ് സ്വന്തമാക്കി.
മൂന്നാം വിക്കറ്റിൽ ഇവർ 115 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാംദിനം അവസാനിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 410 റണ്‍സ് എടുത്തിട്ടുണ്ട്. ശുഭ, ജമിമ എന്നിവർക്കൊപ്പം രേണുക സിംഗും ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തി.
ഹർമൻ റണ്ണൗട്ട്
81 പന്തിൽ 49 റണ്‍സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ റണ്ണൗട്ടായിരുന്നു മത്സരത്തിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സംഭവം. ക്രീസിൽ ബാറ്റ് എത്തിക്കുന്നതിൽ അലംഭാവം നടത്തിയായിരുന്നു ഹർമന്റെ അനാവശ്യ റണ്ണൗട്ട്.
ശുഭ, ജമിമ എന്നിവർക്ക് പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്ററായ യാസ്തിക ഭാട്യ (66), ദീപ്തി ശർമ (60 നോട്ടൗട്ട്) എന്നിവരും അർധസെഞ്ചുറി നേടി. ദീപ്തിക്കൊപ്പം നാല് റണ്‍സുമായി പൂജ വസ്ത്രാകറാണ് ക്രീസിൽ.