ബർമിംഗ്ഹാം: കോമണ്‍വെൽത്ത് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്കു തകർപ്പൻ ജയം. പൂൾ എയിൽ നടന്ന മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ എട്ടു വിക്കറ്റിനാണ് ഇന്ത്യ തകർത്തത്.
പാക്കിസ്ഥാൻ ഉയർത്തിയ 100 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ വെറും 11.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. മഴയെത്തുടർന്നു മത്സരം 18 ഓവറായി ചുരുക്കിയിരുന്നു.
42 പന്തിൽ മൂന്നു സിക്സും എട്ടു ഫോറും ഉൾപ്പെടെ 63 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഓപ്പണർ സ്മൃതി മന്ഥാനയുടെ പ്രകടനമാണ് ഇന്ത്യയുടെ വിജയമുറപ്പിച്ചത്.
ഷഫാലി വർമ (16), സബ്ബിനേനി മേഘന (14), ജെമിമ റോഡ്രിഗസ് (2*) എന്നിങ്ങനെയാണു മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ.
നേരത്തേ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനായി 32 റണ്‍സെടുത്ത ഓപ്പണർ മുനീബ അലിക്കു മാത്രമാണു തിളങ്ങാനായത്.
അക്കൗണ്ട് തുറക്കുംമുന്‍പേ പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ എതിരാളികളെ വരിഞ്ഞുമുറുക്കി. ആലിയ റിയാസ് (18), ബിസ്മ മറൂഫ് (17), ആയിഷ നസീം (10), ഉമൈമ സുഹൈൽ (13 പന്തിൽ 10) എന്നിവരാണു രണ്ടക്കം കടന്ന മറ്റു പാക് ബാറ്റർമാർ.
ഇന്ത്യക്കുവേണ്ടി രാധ യാദവ്, സ്നേഹ റാണ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. രേണുക സിംഗ്, മേഘ്ന സിംഗ്, ഷഫാലി വർമ എന്നിവർ ഓരോ വിക്കറ്റ് നേടി.
കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തിൽ ടീം ഓസ്ട്രേലിയയോടു പരാജയപ്പെട്ടിരുന്നു. അടുത്ത മത്സരത്തിൽ ബാർബഡോസിനെ കീഴടക്കിയാൽ ഇന്ത്യക്കു സെമിയിലെത്താം.