ജൊഹാന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി-20യിൽ ഇന്ത്യൻ വനിതകൾക്കു തോൽവി. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യയെ അഞ്ച് വിക്കറ്റിനാണ് ആതിഥേയ യുവതികൾ കീഴടക്കിയത്. ഇതോടെ പരന്പര സജീവമായി നിർത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. മൂന്നാം മത്സരത്തിലും ജയം ആവർത്തിച്ച് കിരീടം സ്വന്തമാക്കുകയായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം. അതിലൂടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഏകദിന പരന്പരയ്ക്കൊപ്പം ട്വന്റി-20 കിരീടവും നേടി ചരിത്രം കുറിക്കാമെന്നും നീലപ്പട ആഗ്രഹിച്ചിരുന്നു.
3.5 ഓവറിൽ 30 റണ്‍സിന് അഞ്ച് വിക്കറ്റ് പിഴുത ശബ്നിം ഇസ്മയിൽ ആണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. കളിയിലെ കേമിയും ശബ്നിം ആണ്. സ്കോർ: ഇന്ത്യ 17.5 ഓവറിൽ 133. ദക്ഷിണാഫ്രിക്ക 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 134.ടോസ് നഷ്ടപ്പെട്ട് ബാറ്റേന്തേണ്ടിവന്ന ഇന്ത്യക്ക് ഒന്നാം ഓവറിൽത്തന്നെ പ്രഹരമേറ്റു. ആദ്യ രണ്ട് മത്സരങ്ങളിലും അർധസെഞ്ചുറിനേടി ജയത്തിലേക്ക് ഇന്ത്യയെ കൈപിടിച്ച മിതാലി രാജ് പൂജ്യത്തിനു പുറത്ത്.
കാപ്പിന്റെ അഞ്ചാം പന്തിൽ ബാറ്റ് വച്ച മിതാലിയുടെ ഇന്നിംഗ്സ് വിക്കറ്റിനു പിന്നിൽ ലീയുടെ ഗ്ലൗസിനുള്ളിൽ അവസാനിച്ചു. രണ്ടാം വിക്കറ്റിൽ സ്മൃതി മന്ദാനയും (37) ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (48) 55 റണ്‍സ് കൂട്ടിച്ചേർത്ത് ഇന്ത്യയെ ഡ്രൈവിംഗ് സീറ്റിൽ തിരിച്ചെത്തിച്ചു. എന്നാൽ, 11.1 ഓവറിൽ രണ്ട് വിക്കറ്റിന് 93 റണ്‍സ് എന്ന ശക്തമായ നിലയിൽനിന്ന് ഇന്ത്യ കൂപ്പുകുത്തി. 17.5 ഓവറിൽ 133ന് പുറത്ത്!
മറുപടിക്കിറങ്ങിയ ആതിഥേയർക്കായി സുനി ലൂസ് (41), ഡാൻ വൻ നീകെർക് (26), ക്ലോ ട്രയോണ്‍ (34) എന്നിവർ മുന്നിൽനിന്ന് പടനയിച്ചു.