തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വനിതാ ദിനമായ ഈ മാസം എട്ടിന് സ്റ്റേഷനുകളുടെ ചുമതല വനിതാ എസ്ഐമാർക്ക്. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ എസ്പിമാർക്കു നിർദേശം നൽകി.
മാർച്ച് എട്ടിന് പരമാവധി സ്റ്റേഷനുകളിൽ വനിതാ എസ്ഐമാർക്ക് എസ്എച്ച്ഒമാരായി ചുമതല നല്കണമെന്നാണ് പോലീസ് മേധാവിയുടെ നിർദേശം. വനിതാ ദിനത്തിൽ സ്റ്റേഷനിൽ വരുന്ന പരാതികൾ സ്വീകരിക്കുന്നതും മേൽനടപടികൾ സ്വീകരിക്കുന്നതും വനിതാ ഉദ്യോഗസ്ഥരായിരിക്കും.
ഓരോ ജില്ലകളിലുള്ള വനിതാ ഇൻസ്പെകടർമാരേയും വനിതാ സബ് ഇൻസ്പെക്ടർമാരേയും വനിതാ ദിനത്തിൽ സ്റ്റേഷൻ ചുമതലയ്ക്കായി എസ്പിമാർ പുനർ വിന്യസിക്കണം. ഈ മാസം അഞ്ചിനുള്ളിൽ ഇതിനുള്ള രൂപരേഖ തയാറാക്കി പോലീസ് ആസ്ഥാനത്ത് എത്തിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.