കേളകം: വധശ്രമക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ലക്ഷദ്വീപ് എംപിയുടെ അടുത്ത കൂട്ടാളി എന്നറിയപ്പെടുന്ന ആറളം വൈൽഡ് ലൈഫ് വാർഡൻ ആയിരുന്ന വനിതാ ഡിഎഫ്ഒ ഉൾപ്പെട്ടത് നിരവധി വിവാദങ്ങളിലായിരുന്നു.
സൈനികനെ കള്ളക്കേസിൽ കുടുക്കിയ സംഭവം വൻ വിവാദത്തിലായിരുന്നു. 2020 ഡിസംബർ മാസത്തിലാണ് കേളകം പഞ്ചായത്തിലെ ചീങ്കണ്ണി പുഴയിൽ ചൂണ്ട ഇടുകയായിരുന്ന മുൻ സൈനികനെ വനത്തിൽ അതിക്രമിച്ചു കയറി മൃഗങ്ങളെ വേട്ടയാടാൻ യന്ത്രക്കെണി ഒരുക്കി എന്ന പേരിലാണ് കേസെടുത്തത്.
കേസ് വ്യാജമാണെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ഇത്തരത്തിൽ നടപടി ഉണ്ടായതെന്നും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ ഡിഎഫ്ഒയെ അറിയിച്ചെങ്കിലും കാര്യങ്ങൾ എനിക്ക് ബോധ്യമുണ്ടെന്നും സൈനികനെ അറസ്റ്റ് ചെയ്യണമെന്നുമുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
ഹൈക്കോടതിയിൽ നിന്നാണ് സൈനികൻ മുൻകൂർ ജാമ്യം നേടിയത്. വനംവകുപ്പ് തന്നെ നടത്തിയ അന്വേഷണത്തിൽ കേസ് വ്യാജമാണെന്ന് കണ്ടെത്തുകയും എഫ്ഐആർ റദ്ദ് ചെയ്യുകയാണ് ഉണ്ടായത്.
ആറളം വന്യജീവി സങ്കേതത്തിന്റെ ബഫർ സോൺ ഏരിയ പൂജ്യം കിലോമീറ്റർ ആകണം എന്നുള്ള ജനപ്രതിനിധികളുടെ നാട്ടുകാരുടെയും നിർദ്ദേശം മറികടന്ന് കേന്ദ്രസർക്കാരിന് ഒരു കിലോമീറ്റർ ദൂരപരിധി അയച്ചുകൊടുത്തതും ഈ ഡിഎഫ്ഒ ആയിരുന്നു.
വന്യജീവി സങ്കേതങ്ങളുടെ കരുതൽ മേഖലയിൽ ജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഇല്ല എന്നും മറിച്ച് അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുമെന്നും മറ്റുള്ള വിവാദങ്ങളെല്ലാം ഭൂമാഫിയ ഉണ്ടാക്കുന്നതാണെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ചർച്ചയിൽ ഡിഎഫ്ഒ പറഞ്ഞത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ബഫർ സോൺ വിഷയുവുമായി ബന്ധപ്പെട്ട് സണ്ണി ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ആറളം പഞ്ചായത്ത് ഓഫീസിൽ ഉദ്യോഗസ്ഥരുടെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പൊതുപ്രവർത്തകരുടെയും സംയുക്ത യോഗത്തിൽ നിന്നും ഡിഎഫ്ഒ ഇറങ്ങിപ്പോയതും വലിയ വിവാദമായിരുന്നു.
വയനാട്ടിൽ കടുവകൾ വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട കർഷകർ മനുഷ്യാവകാശ കമ്മീഷൻ പരാതി നൽകിയപ്പോൾ വയനാട് ജനതകളുമായി കടുവകൾ വളരെ സൗഹൃദത്തിൽ ആണെന്നും വന്യമൃഗങ്ങൾ വയനാടൻ ജനതയുടെ ജീവിതത്തന്റെ ഭാഗമാണെന്നും ചില കർഷക സംഘടനകൾ ജനങ്ങളിൽ ആശങ്ക പരത്തുകയാണെന്നും റിപ്പോർട്ട് നൽകിയതും വൻ വിവാദമായിരുന്നു.
വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പുനർനിർണയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിൽ ഉണ്ട് എന്ന് കാര്യം വ്യാപാര സംഘടനകളും കർഷക സംഘടനകളും മന്ത്രിയെ ധരിപ്പിച്ചപ്പോൾ വന വിസ്തൃതി കുറയുമെന്നും പാരിസ്ഥിതിക ആഘാതം ഉണ്ടാകുമെന്നും മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതും ഈ വിവാദ ഡിഎഫ്ഒ ആയിരുന്നു.