കോഴിക്കോട്: ദേശീയ വനിതാ ഫുട്ബോളില്‍ കന്നിക്കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ കേരളം ആദ്യ മത്സരത്തിൽ പൊരുതിവീണു. ഗ്രൂപ്പ് ജിയിലെ പോരാട്ടത്തില്‍ കരുത്തരായ മിസോറമാണു രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ആതിഥേയരെ കീഴടക്കിയത്.
90-ാം മിനിറ്റിലായിരുന്നു മിസോറം വിജയഗോള്‍ കണ്ടെത്തിയത്. പെനല്‍റ്റി കിക്കിലൂടെ ഗോകുലം കേരള മുന്‍ താരം ഗ്രെയ്സ് (39’) മിസോറമിനായി ആദ്യഗോള്‍ നേടി. എന്നാൽ, പ്രതിരോധതാരങ്ങളായ കെ.വി. അതുല്യ (44’), ഫെമിന രാജ് (45’) എന്നിവരിലൂടെ കേരളം 2-1നു മുന്നിൽ കടന്നു. ലീഡുമായി രണ്ടാം പകുതിക്കിറങ്ങിയ കേരളത്തിനെ എലിസബത്തിലൂടെ (79’) മിസോറം സമനിലയിൽ പിടിച്ചു.
തുടർന്ന് 90-ാം മിനിറ്റിൽ ലാല്നുന്സുമിയിലൂടെ വിജയം സ്വന്തമാക്കി.മധ്യനിര താരവും ക്യാപ്റ്റനുമായ ടി.നിഖില 30-ാം മിനിറ്റിൽ പരിക്കേറ്റുപിന്വാങ്ങിയതു കേരളത്തിനു തിരിച്ചടിയായി.
18-ാം മിനിറ്റില്‍ മിസോറമിനു ലഭിച്ച പെനല്‍റ്റി എലിസബത്ത് നഷ്ടപ്പെടുത്തിയിരുന്നു. നാളെ ഉത്തരാഖണ്ഡിനെതിരേയാണു കേരളത്തിന്റെ അടുത്ത മത്സരം.
ഗ്രൂപ്പ് എഫില്‍ ഗോള്‍മഴ പെയ്യിച്ച് ഒഡീഷ എതിരില്ലാത്ത ഒമ്പതുഗോളുകള്ക്ക് ആന്ധ്രപ്രദേശിനെ തറപറ്റിച്ചു.