ലണ്ടൻ: വനിത ഹോക്കി ലോകകപ്പിൽ ഇന്ത്യക്കു തോൽവി. പൂൾ ബിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയെ ഏകപക്ഷീയമായ ഒരു ഗോളിന് അയർലൻഡ് തോൽപ്പിച്ചു. ഇന്ത്യയുടെ ആദ്യ മത്സരം സമനിലായിരുന്നു. രണ്ടു കളി ജയിച്ച അയർലൻഡ് ക്വാർട്ടർ ഫൈനൽ ഉറപ്പിക്കുകയും ചെയ്തു.
12-ാം മിനിറ്റിൽ അന്ന ഒഫ്ളാനാഗനാണ് ഗോൾ നേടിയത്. ഷെർലി മാകെയുടെ പെനൽറ്റി കോർണറിൽനിന്നായിരുന്നു ഗോൾ. ഇതിനുശേഷം ഇരുടീമും ഗോളിനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
അവസാന ക്വാർട്ടറിൽ ഇന്ത്യ അയർലൻഡിന്റെ ആക്രമണം നേരിടാൻ ബുദ്ധിമുട്ടി. 57-ാം മിനിറ്റിൽ ഇന്ത്യൻ നായിക റാണി രാംപാലിന് സമനില നേടാൻ മികച്ചൊരു അവസരം ലഭിച്ചതായിരുന്നു. എന്നാൽ ഗോൾകീപ്പർ ഗ്രേസ് ഒഫ്ളാനാഗൻ ബ്ലോക് ചെയ്തു. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ ഇന്ത്യ യുഎസ്എയെ നേരിടും.