കകാമിഗഹര: ഏഷ്യാ കപ്പ് വനിത ഹോക്കിയിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ. അവസാന മത്സരത്തിൽ മലേഷ്യയെ 2-0ന് തോല്പിച്ച് പൂൾ എയിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ പ്രീക്വാർട്ടർ പ്രവേശനം. ഇന്ത്യക്കുവേണ്ടി വന്ദന കട്ടാരിയ (54), ഗുർജിത് കൗർ (55) എന്നിവരാണ് ഗോൾ നേടിയത്. ക്വാർട്ടർ ഫൈനലിൽ ഇന്ത്യ കസാഖിസ്ഥാനെ നേരിടും.
ആദ്യ ക്വാർട്ടറിൽ ഇരുടീമും ജാഗ്രതയോടെയാണു കളിച്ചത്. മലേഷ്യ പ്രതിരോധാത്മക ഹോക്കി കളിച്ചപ്പോൾ ഇന്ത്യ ക്ഷമാപൂർവം അവസരങ്ങൾക്കായി കാത്തിരുന്നു. അതോടെ ആദ്യ ക്വാർട്ടർ ഗോൾരഹിതമായി കലാശിച്ചു. രണ്ടാം ക്വാർട്ടറിലും ഇരു ടീമുകൾക്കും ഫലംകാണാനായില്ല.
മത്സരം മൂന്നാം ക്വാർട്ടറിലേക്കു നീങ്ങി. മലേഷ്യക്കു ഒരു പെനാൽറ്റി കോർഡർ നേടിയെടുത്തെങ്കിലും ഗോളാക്കാനായില്ല. ഇതോടെ മൂന്നാം ക്വാർട്ടറും ഗോൾരഹിതമായി. അവസാന ക്വാർട്ടറിൽ ഇന്ത്യ ഗോളിനായി ശ്രമം ശക്തമാക്കി. അതിന്റെ ഫലംകണ്ടു. ഫോർവേഡ് കട്ടാരിയയുടെ മികച്ചൊരു ഫീൽഡ് ഗോൾ മലേഷ്യൻ വല 54-ാം മിനിറ്റിൽ കുലുക്കി. തൊട്ടടുത്ത മിനിറ്റിൽ ഗുർജിത് കൗർ പെനാൽറ്റി കോർണർ ഗോളാക്കി.
അവസാന മിനിറ്റുകളിൽ മലേഷ്യ ഗോളിനായി പൊരുതിയെങ്കിലും ഇന്ത്യൻ പ്രതിരോധം ശക്തമായി നിലയുറപ്പിച്ചതോടെ ഒരു ഗോളെന്ന സ്വപ്നം പൊലിഞ്ഞു.