കൊല്ലം: ദേശീയ ജൂനിയർ വനിതാ ഹോക്കി ചാന്പ്യൻഷിപ്പ് നാളെ മുതൽ ഫെബ്രുവരി പത്തുവരെ കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ നടക്കും. നാളെ വൈകുന്നേരം അഞ്ചിന് ഗവർണർ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം നിർവഹിക്കും.മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മന്ത്രിമാരായ കെ.രാജു, ജെ.മേഴ്സിക്കുട്ടിയമ്മ, മേയർ വി.രാജേന്ദ്രബാബു, എൻ.കെ.പ്രേമചന്ദ്രൻ എംപി, എം.മുകേഷ് എംഎൽഎ, ഹോക്കി അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ, ബ്രാന്റ് അംബാസഡർ സുരേഷ് ഗോപി എംപി, അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ.അയ്യപ്പൻ എന്നിവർ പ്രസംഗിക്കും.
ഒളിന്പ്യൻ പി.ആർ.ശ്രീജേഷ് കായികതാരങ്ങൾക്കായി സത്യപ്രതിജ്ഞാ വാചകം ചൊല്ലും. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ, ഒളിന്പ്യൻ മാനുവൽ ഫെഡറിക്, ഹണി ബഞ്ചമിൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് സാംസ്കാരിക ഘോഷയാത്രയും നടക്കും.
ഇരുത്തഞ്ചോളം സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികൾ അണിനിരക്കും. നിരവധി നിശ്ചലദൃശ്യങ്ങളും ഉണ്ടാകും. ചിന്നക്കട വഴി ഹോക്കി സ്റ്റേഡിയത്തിൽ സമാപിക്കും.ദേശീയ ജൂനിയർ വനിതാ ഹോക്കി ചാന്പ്യൻഷിപ്പിന് രണ്ടാം തവണയാണ് കേരളം ആതിഥേയത്വം വഹിക്കുന്നത്. 25 വർഷം മുന്പ് തിരുവനന്തപുരം എംജി കോളജിലായിരുന്നു സംസ്ഥാനത്ത് ആദ്യം ചാന്പ്യൻഷിപ്പ് നടന്നത്.
കൊല്ലം നഗരത്തിൽ ഈ ചാന്പ്യൻഷിപ്പ് ആദ്യമായാണ് നടക്കുന്നത്. 42 ടീമുകളിലായി 400-ൽ അധികം താരങ്ങളും നൂറോളം ഒഫിഷ്യലുകളും പങ്കെടുക്കും.രണ്ട് ഡിവിഷനുകളിലായിട്ടാണ് മത്സരങ്ങൾ. ബി ഡിവിഷനിൽ നാല് ഗ്രൂപ്പുകളിലായി 22 ടീമുകൾ മത്സരിക്കും. എ ഡിവിഷനിൽ 20 ടീമുകളുമുണ്ട്. ബി ഡിവിഷനിലെ ഗ്രൂപ്പ് മത്സരങ്ങൾ 29ന് സമാപിക്കും.
30ന് ക്വാർട്ടർ ഫൈനലും ഫെബ്രുവരി ഒന്നിന് സെമിഫൈനലും രണ്ടിന് രാവിലെ ഫൈനൽ മത്സരവും നടക്കും.
എ ഡിവിഷനിൽ ഫെബ്രുവരി ഏഴിന് ക്വാർട്ടർ ഫൈനൽ മത്സരങ്ങളും ഒന്പതിന് സെമിഫൈനലും പത്തിന് രാവിലെ ലൂസേഴ്സ് ഫൈനലും ഉച്ചകഴിഞ്ഞ് മൂന്നിന് ഫൈനലും നടക്കും. നാളെ രാവിലെ ആറിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഭോപാൽ മധ്യപ്രദേശിനെ നേരിടും.