ലണ്ടന്‍: വനിത ഹോക്കി ലോകകപ്പിലെ നിർണായക ഗ്രൂപ്പ് മത്സരത്തിൽ അമേരിക്കയെ സമനിലയിൽ തളച്ച് ഇന്ത്യ. ഇരു ടീമുകളും ഓരോ ഗോൾ നേടിയാണ് സമനില പാലിച്ചത്. സമനിലയോടെ ഇന്ത്യ ക്വാർട്ടർ ഫൈനൽ സാധ്യത നിലനിർത്തി.
രണ്ടാം മത്സരത്തിൽ അയര്‍ലന്‍ഡിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ട ഇന്ത്യക്ക് ഇന്നത്തെ മത്സരം നിർണായകമായിരുന്നു. തോറ്റാൽ പുറത്തേക്ക് വഴി തെളിയുമായിരുന്ന ഇന്ത്യ ശക്തമായ പോരാട്ടത്തിലാണ് യുഎസിനെ സമനിലയിൽ കുരുക്കിയത്.
കളിയുടെ 11 ാം മിനിറ്റിൽ അമേരിക്കയാണ് ആദ്യം ഗോൾ നേടിയത്. മാർഗോസ് പോളിനോ ഇന്ത്യൻ പോസ്റ്റിൽ പന്തെത്തിച്ചു. മൂന്നാം ക്വാർട്ടറിലാണ് ഇന്ത്യക്കു സമനില പിടിക്കാനായത്. അമേരിക്കൻ ഗോൾവല ചലിപ്പിച്ച് ക്യാപ്റ്റൻ റാണി റാംപാൽ ഇന്ത്യയുടെ അഭിമാനം കാത്തു. ഗ്രൂപ്പിൽ ഇന്ത്യ മൂന്നാമതും അമേരിക്ക അവസാനസ്ഥാനത്തുമാണ്.