കകാമിഗഹാര(ജപ്പാന്): ആവേശകരമായ പെനാല്‍റ്റി ഷൂട്ടൗട്ടിനവസാനം സഡൻ ഡെത്തിൽ നിര്‍ണായകമായ ഷോട്ട് തടഞ്ഞിട്ട് ഗോള്‍കീപ്പര്‍ സവിത ഇന്ത്യക്ക് ഏഷ്യ കപ്പ് വനിതാ ഹോക്കി കിരീടം സമ്മാനിച്ചു. ചൈനയ്ക്കെതിരായ ജയത്തോടെ ഇന്ത്യ അടുത്ത വര്‍ഷത്തെ ലോകകപ്പിനു യോഗ്യത നേടുകയും ചെയ്തു. ഷൂട്ടൗട്ടില്‍ ഇരുടീമും 4-4നു സമനില പാലിച്ചു.
സഡൻ ഡെത്തിൽ റാണി രാംപാൽ ഗോൾ നേടിയപ്പോൾ ലിയാം മീയുവിന്റെ ഷോട്ട് തടഞ്ഞ് ഇന്ത്യൻ ഗോൾകീപ്പർ സവിത ഇന്ത്യക്ക് ലോകകപ്പ് ബെർത്ത് സമ്മാനിച്ചു. 5-4നായിരുന്നു ഇന്ത്യ ചൈനയെ തകര്‍ത്തത്. ഇതോടെ 13 വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പാണ് അവസാനിച്ചത്. 2004ല്‍ ജപ്പാനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഏഷ്യ കപ്പ് ചാമ്പ്യന്മാരായത്.2009ൽ ഇന്ത്യയെ പരാജയപ്പെടുത്തിയതിനു പകരം വീട്ടൽകൂടിയായി ഈ ജയം.
കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ യോഗ്യത നേടിയിരുന്നില്ല. 2010ല്‍ ഒമ്പതാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിയും വന്നു. ഷൂട്ടൗട്ടിലടക്കം റാണി രണ്ടു തവണ സ്കോര്‍ ചെയ്തപ്പോള്‍ മോണിക്ക, ലാലിമ മിന്‍സ്, നവജോത് കൗര്‍ എന്നിവരും ഓരോ ഗോള്‍ വീതം നേടി.
മത്സരത്തിന്റെ 25-ാം മിനിറ്റില്‍ നവജ്യോത് ഇന്ത്യയെ മുന്നിലെത്തിച്ചു. 47-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി ടിയാന്‍ടിയാന്‍ ലുവോ ചൈനയ്ക്കു സമനില നല്കി. മത്സരത്തിന്റെ തുടക്കത്തില്‍ ചൈനയുടെ ആക്രമണമായിരുന്നു. ഇന്ത്യയുടെ സര്‍ക്കിളിലേക്കു ചൈന ഇരച്ചുകയറി. രണ്ടാം മിനിറ്റില്‍ ചൈന പെനാല്‍റ്റി കോര്‍ണര്‍ നേടിയെടുത്തു. എന്നാല്‍ സവിതയെ കടന്ന് പന്ത് വലയിലെത്തിയില്ല. ദീപ് ഗ്രേസ് പന്ത് ക്ലിയര്‍ ചെയ്ത് അപകടമകറ്റി. വൈകാതെ ഇന്ത്യയും ആക്രമണം ശക്തമാക്കി.
നവജോത് കൗറും വന്ദനയും ചൈനയുടെ ഡിയിലേക്കു പന്തുമായി കുതിച്ചെത്തി. എന്നാല്‍ വാങ് നായുടെ പ്രകടനം ചൈനയെ അപകടത്തില്‍ നിന്നു രക്ഷിച്ചു. ചൈന രണ്ടാം പെനാല്‍റ്റി കോര്‍ണറും വിജയിച്ചു. പക്ഷേ സവിത വീണ്ടും രക്ഷകയായി. ഇതോടെ ആദ്യ ക്വാര്‍ട്ടര്‍ ഗോള്‍രഹിതമായി പൂര്‍ത്തിയായി.
രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ കൂടുതല്‍ ഊര്‍ജസ്വലമായി കളിച്ചു. 17-ാം മിനിറ്റില്‍ നവജോതിന്റെ ഡൈവ് ചെയ്തുള്ള ശ്രമത്തെ ബ്ലോക് ചെയ്തു. വീണ്ടും ഗോളിലേക്കു തൊടുക്കാനുള്ള റാണിയുടെ ശ്രമവും വിജയിച്ചില്ല. 25-ാം മിനിറ്റില്‍ ഇന്ത്യയുടെ മുന്നേറ്റം ഫലം കണ്ടു. നവജ്യോതിന്റെയും റാണിയുടെയും മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോള്‍. റാണിയുടെ അസിസ്റ്റില്‍ നവജ്യോത് വലകുലുക്കി.
ഉടന്‍ തന്നെ ചൈന കൗണ്ടര്‍ അറ്റാക്കിംഗ് ശക്തമാക്കി. ഇതോടെ ഇന്ത്യയുടെ പ്രതിരോധനിരയ്ക്കു പിടിപ്പതു പണിയായി. മൂന്നാം ക്വാര്‍ട്ടറിലും ഇന്ത്യ നന്നായി തുടങ്ങി. വേഗമേറിയ ആക്രമണത്തിലും പന്തടക്കത്തിലും ഇന്ത്യ മുന്നില്‍നിന്നു. കൃത്യതയുള്ള പാസിംഗ് കൂടി ചേര്‍ന്നതോടെ ചൈനയുടെ ക്ഷമയെ പരീക്ഷിച്ചു.
നേഹ ഗോയലും ലിലിമ മിന്‍സും പലപ്പോഴും ഡ്രിബിള്‍ ചെയ്തു ചൈനീസ് ഭാഗത്തേക്കു കയറിയെങ്കിലും പ്രതിരോധനിര തടഞ്ഞുനിര്‍ത്തി. ഇന്ത്യയുടെ പെനാല്‍റ്റി കോര്‍ണറുകള്‍ക്കു വല കുലുക്കാനായില്ല. അവസാന ക്വാര്‍ട്ടര്‍ കൂടുതല്‍ മികച്ചതായി. 47-ാം മിനിറ്റില്‍ വീഡിയോ റഫറലിലൂടെ ചൈന പെനാല്‍റ്റി കോര്‍ണര്‍ വിജയിച്ചു. ടിയാന്‍ടിയാന്‍ ലുവോ സമനില നല്കി. പിന്നീടുള്ള മിനിറ്റുകളില്‍ ഇരുടീമും വിജയഗോളിനായി കിണഞ്ഞു ശ്രമിച്ചു.
കളി തീരാന്‍ ഒമ്പത് മിനിറ്റുള്ളപ്പോള്‍ ഇന്ത്യ തൊടുത്ത ഷോട്ട് ചൈനീസ് പ്രതിരോധം കടക്കാനായില്ല. കളി തീരാന്‍ വെറും മൂന്നു മിനിറ്റ് മാത്രമുള്ളപ്പോള്‍ ചൈന ഒരിക്കല്‍ക്കൂടി പെനാല്‍റ്റി കോര്‍ണര്‍ നേടി. പക്ഷേ ഇന്ത്യയുടെ സുനിത ലകാര പന്ത് രക്ഷപ്പെടുത്തി. ഉടനടി ഇന്ത്യ കൗണ്ടര്‍അറ്റാക്ക് നടത്തി. എന്നാല്‍ പന്ത് പുറത്തേക്ക് അടിച്ചു കളഞ്ഞു. ഇതോടെ മുഴുവന്‍ സമയത്ത് 1-1ല്‍ നിന്നു.
ഷൂട്ടൗട്ടില്‍ ഇരുടീമും ആദ്യ നാലു ഷോട്ടും വലയിലാക്കി. അഞ്ചാം ഷോട്ട് വലയിലാക്കാന്‍ ഇരുകൂട്ടര്‍ക്കുമായില്ല. ഇതോടെ മത്സരം സഡന്‍ െഡത്തിലേക്കു നീങ്ങി. ഇവിടെ സവിത ലിയാം മീയുവിന്റെ ഷോട്ട് തടഞ്ഞു. റാണി പന്ത് വലയിലാക്കി ഇന്ത്യക്കു ജയം നല്കി.