ആദ്യം വിശപ്പ് മാറ്റി, പിന്നെ ഹോസ്റ്റലിലെ റൂമുകളിൽ കയറി
കോട്ടയം: അർധരാത്രിയിൽ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ഭക്ഷണം കഴിക്കുകയും മൊബൈൽ ഫോണ്‍ മോഷ്ടിക്കുകയും ചെയ്ത കേസിൽ പിടിയിലായ ഇതര സംസ്ഥാന തൊഴിലാളിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വെസ്റ്റ് ബംഗാൾ ജയ്പാൽഗുരി പുർബദുരമാരി മൊഗാൽകട്ട സുശീൽ റാവയെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
സിഎംഎസ് കോളജിനു സമീപത്തെ വനിതാ ഹോസ്റ്റലിൽ അർധരാത്രി അതിക്രമിച്ചു കയറിയ പ്രതി മോഷണം നടത്തുകയായിരുന്നു. ഹോസ്റ്റലിന്റെ മതിൽ ചാടി അകത്തു കടന്ന പ്രതി ആദ്യം ഹാളിലേക്കും അടുക്കളയിലേക്കുമാണു പോയത്.
ആപ്പിളും ഫ്രിഡ്ജിൽ ഇരുന്ന ആഹാര സാധനങ്ങളും കഴിച്ച ഇയാൾ അരമണിക്കൂറോളം ഇവിടെ ചെലവഴിച്ചു. തുടർന്നു പെണ്‍കുട്ടികളുടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയും, ഇവരുടെ കഴുത്തിൽനിന്നും സ്വർണമാലകൾ മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. പെണ്‍കുട്ടികൾ ഉണർന്ന് ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
ഹോസ്റ്റലിന്റെ രണ്ടാം നിലയുടെ മുകളിൽ നിന്നും ചാടിയാണ് ഇയാൾ രക്ഷപ്പെട്ടത്. പിറ്റേന്ന് ഹോസ്റ്റൽ അധികൃതർ ജില്ലാ പോലീസ് ചീഫ് പി.എസ്. സാബുവിനു പരാതി നൽകി. പ്രതി ഹോസ്റ്റൽ മുറിയിൽ കയറുന്നതും ചാടി രക്ഷപ്പെടുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ പോലീസ് സംഘം ഏറ്റുമാനൂരിലെ മീൻകടയിൽ ജോലി ചെയ്തിരുന്ന ഇയാളെ പിടികൂടുകയായിരുന്നു. മോഷണം പോയ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോഴും ഏറ്റുമാനൂരാണ് കാണിച്ചത്.
വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, എസ്ഐ ടി. ശ്രീജിത്ത്, എഎസ്ഐ പി.എൻ. മനോജ്, സിപിഒമാരായ ടി.ജെ. സജീവ്, സുദീപ് എന്നിവർ ചേർന്നു പ്രതിയെ പിടികൂടുകയായിരുന്നു. മോഷണ വസ്തുക്കൾ ഇയാളിൽനിന്നും കണ്ടെടുത്തു.