സ്വന്തംലേഖകൻ
തൃശൂർ: കേരള പോലീസിൽ വനിത പോലീസ് ഇൻസ്പെക്ടർമാർ കൂട്ടത്തോടെ പടിയിറങ്ങുന്നു. 21 പേരാണ് ഈ മാസം വിരമിക്കുന്നത്. ഇതോടെ സേനയിൽ ശേഷിക്കുന്ന വനിത ഇൻസ്പെക്ടർമാർ ആറു പേർ മാത്രം. കേരള പോലീസിൽ നിലവിൽ 27 വനിത ഇൻസ്പെക്ടർമാരടക്കം 668 ഇൻസ്പെക്ടർമാരാണുള്ളത്.
ഇവരെ വിവിധ പോലീസ് സ്റ്റേഷനുകളിലും വിജിലൻസ്, ക്രൈംബ്രാഞ്ച്, കോസ്റ്റൽ തുടങ്ങിയ വിഭാഗങ്ങളിലായാണ് നിയമിച്ചിരിക്കുന്നത്. ഇതിൽ 21 വനിത ഇൻസ്പെക്ടർമാർ വിരമിക്കുന്നതോടെ സേനയിലെ തലപ്പത്തുള്ള വനിതകളുടെ ശക്തി ഇല്ലാതാകും.സബ് ഇൻസ്പെക്ടർമാരാണ് ഇൻസ്പെക്ടർമാരായി പ്രമോഷൻ ലഭിക്കുന്നത്.
2018ൽ വനിത സബ് ഇൻസ്പെക്ടർമാരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെങ്കിലും അവരൊന്നും ഇൻസ്പെക്ടർമാരായി പ്രമോഷൻ ലഭിക്കാറായിട്ടില്ല. നേരത്തെ വനിതകൾക്ക് മാത്രമായി പ്രത്യേക വിഭാഗത്തിലൂടെ പ്രമോഷനുകൾ പെട്ടന്ന് ലഭിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ വനിത പോലീസിനെയും ജനറൽ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെ പ്രമോഷൻ ലഭിക്കാനും വൈകുകയാണ്. സേനയിൽ കൂടുതലുള്ള പുരുഷൻമാരോടൊപ്പമാണ് വനിതകളെയും കണക്കാക്കുന്നത്.
ഇതാണ് വനിത ഇൻസ്പെക്ടർമാരുടെ എണ്ണം കുറയാൻ കാരണം. സമരങ്ങളും മറ്റു പ്രശ്നങ്ങളും വരുന്പോൾ വനിത ഇൻസ്പെക്ടർമാരുടെ സാന്നിധ്യം ഇല്ലാതാകുന്നത് പോലീസിന് വൻ പ്രതിസന്ധിയുണ്ടാക്കും. സമരങ്ങളിൽ വനിതകളുടെ സാന്നിധ്യം കൂടുതൽ വരുന്നതിനാൽ ഇവരെ അറസ്റ്റു ചെയ്യാൻ വനിത ഇൻസ്പെക്ടർമാർ വേണമെന്ന നിബന്ധന ഇല്ലാതാക്കേണ്ടി വരും. സിവിൽ പോലീസ് ഓഫീസർമാരായി വനിതകൾ ഉണ്ടെങ്കിലും ഇൻസ്പെക്ടർ തസ്തികകളിൽ വനിതകൾ ഇല്ലാതാകുകയാണ്.
ഐപിഎസ് തലത്തിൽ പത്ത് വനിതകളാണുള്ളത്. ഒരു ഐജി, രണ്ട് ഡിഐജിമാർ, ഏഴ് എസ്പിമാർ എന്നിങ്ങനെയാണുളളത്. ഡിവൈഎസ്പിമാരായി വനിതകൾ ആരുമില്ല. വയനാട്ടിൽ ഒരു വനിത ഇൻസ്പെക്ടർക്ക് ഡിവൈഎസ്പിയുടെ ചാർജ് നൽകിയിട്ടുണ്ടെങ്കിലും അവരും അടുത്ത ജൂണിൽ വിരമിക്കും.
ശേഷിക്കുന്ന ആറ് ഇൻസ്പെക്ടർമാരിൽ നാലു പേർ ഡിസംബറിൽ വിരമിക്കും. നിലവിലുള്ള ആറു പേരിൽ രണ്ടു പേർക്കു മാത്രമേ ഡിവൈഎസ്പി റാങ്കിൽ എത്താൻ കഴിയൂ. മറ്റുള്ളവരൊക്കെ അതിനു മുന്പു തന്നെ വിരമിക്കും. വനിതകളുടെ പ്രമോഷനുകളും പുരുഷൻമാരോടൊപ്പം ജനറൽ കാറ്റഗറിയിൽ ആക്കിയതോടെ അവരോടൊപ്പമെത്താൻ സാധിക്കില്ല.