ജയ്പുർ: ഐപിഎലിൽ വനിതാ പോരാട്ടത്തിന് ഇന്ന് തുടക്കം. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിനെ അനുസ്മരിപ്പിക്കുന്ന പോരാട്ടമാകും ഇത്തവണ ഉണ്ടാകുക. വനിതാ ട്വന്റി-20 ചലഞ്ചിന്റെ രണ്ടാം പതിപ്പാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്രാവശ്യം ടൂർണമെന്റിൽ മൂന്ന് ടീമുകളാണുള്ളത്.
ഹർമൻപ്രീത് കൗർ നയിക്കുന്ന ഐപിഎൽ സൂപ്പർനോവാസ്, സ്മൃതി മന്ദാന നയിക്കുന്ന ട്രെയ്ൽബ്ലാസേഴ്സ്, മിതാലി രാജ് നയിക്കുന്ന വെലോസിറ്റി എന്നിവയാണ് വനിതാ ട്വന്റി-20 ചലഞ്ചിൽ പോരാടുക. 2018ൽ ഹർമൻപ്രീതിന്റെ സൂപ്പർനോവാസും സ്മൃതി മന്ദാനയുടെ ട്രെയ്ൽബാസേഴ്സും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്ന് നടന്ന ഏക മത്സരത്തിൽ സൂപ്പർനോവാസ് മൂന്ന് വിക്കറ്റിനു ജയിച്ചിരുന്നു.
ജയ്പുർ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ മൂന്ന് ടീമുകളും ഓരോ തവണ പരസ്പരം ഏറ്റുമുട്ടും. ഇന്നു നടക്കുന്ന ആദ്യ മത്സരത്തിൽ സൂപ്പർനോവാസ് ട്രെയ്ൽബാസേഴ്സുമായി കൊന്പുകോർക്കും.