ഏറ്റുമാനൂർ: ലക്ഷങ്ങൾ മുടക്കി നഗരസഭ ആരംഭിച്ച വനിതാ ജിംനേഷ്യത്തോട് വനിതകൾക്ക് അയിത്തം. വനിതാ ജിംനേഷ്യത്തിലും യോഗ സെന്ററിലും പരിശീലനത്തിന് സ്ത്രീകൾ ഇല്ലാത്തത് മൂലം ഇപ്പോൾ പൂട്ടി കിടക്കുന്നു. ഏറ്റുമാനൂർ നഗരസഭയുടെ സ്വപ്ന പദ്ധതിയായിരുന്നു സ്ത്രീകൾക്കായുള്ള ജിംനേഷ്യവും യോഗ സെന്ററും.
വളരെ അപൂവമായേ ഇത്തരം പദ്ധതികൾ നഗരസഭകൾ ഏറ്റെടുക്കാറുള്ളു. അതിനാൽ സ്ത്രീകൾക്കു വേണ്ടി ഒരു നല്ല പദ്ധതി എന്ന നിലയിലാണ് ഏറ്റുമാനൂർ നഗരസഭ ഇത് നടപ്പാക്കിയത്. നഗരസഭയുടെ മുകൾ നിലയിലായി യോഗ സെന്ററും ജിംനേഷ്യവും ആരംഭിച്ചിരുന്നു. മാസങ്ങൾക്ക് മുൻപ് മന്ത്രി ജെ.മേഴ്സികുട്ടിയമ്മ ഇതിന്റെ ഉദ്ഘാടനവും നിർവഹിച്ചു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞിട്ട് നാളുകൾ ഏറെയായങ്കിലും സ്ത്രീകൾ ഇവിടേക്ക് എത്താൻ മടിക്കുകയാണ്.
ട്രെയിനർമാർ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇതുവരെ രണ്ട് പേര് മാത്രമാണ് ഇവിടെ അംഗത്വം എടുത്തത്. ഫീസും രജിസ്ട്രേഷൻ തുകയും വളരെ തുച്ഛമായിട്ട് പോലും സ്ത്രീകൾ ഇവിടേക്ക് വരാൻ മടിക്കുകയാണ്. എന്നാൽ മത്സ്യമാർക്കറ്റിനും ബസ് സ്റ്റാൻഡിനും സമീപം ആയതിനാൽ ഉണ്ടാകുന്ന ബഹളങ്ങളും ദുർഗന്ധവും മൂലമാണ് ഈവിടേക്ക് സ്ത്രീകൾ വരാൻ മടിക്കുന്നതെന്നു പറയുന്നു.
മാത്രമല്ല നഗരസഭ ഇക്കാര്യത്തിൽ വേണ്ടത്ര പരസ്യം നല്കിയില്ല. ജിംനേഷ്യവും യോഗ സെന്ററും വനിതകൾ പ്രയോജനപ്പെടുത്തുന്നതിന് വാർഡ് തലത്തിൽ നല്ല രീതിയിലുള്ള പ്രചരണം നടത്തിയിരുന്നെങ്കിൽ ആളുകളെ ഇവിടെ എത്തിക്കാൻ കഴിയുമായിരുന്നു. പലരും ജിംനേഷ്യത്തെക്കുറിച്ച് അറിഞ്ഞു കേട്ടു വരുന്നതേയുള്ളു.