തിരുവനന്തപുരം: വനിതാമതിലിനു സർക്കാർ ഫണ്ട് അനുവദിക്കാൻ നിർദേശിക്കുന്ന ഭാഗം ഒഴിവാക്കി ചീഫ് സെക്രട്ടറി ഉത്തരവു പുതുക്കി ഇറക്കിയെങ്കിലും മറ്റു വഴികളിലൂടെ സർക്കാർ പണം ചെലവഴിക്കാൻ സാധ്യത നിലനിൽക്കുന്നതിനാൽ ഉത്തരവ് പൂർണമായി പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തു നൽകി.
നേരത്തെ പ്രതിപക്ഷ നേതാവു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു വനിതാമതിലിനു ഫണ്ട് അനുവദിക്കാൻ ധനകാര്യ വകുപ്പിനോടു നിർദേശിക്കുന്ന ഭാഗം ഒഴിവാക്കി ചീഫ് സെക്രട്ടറി ഉത്തരവ് പുതുക്കി ഇറക്കിയത്.
എന്നാൽ, വനിതാമതിലിന്റെ പ്രചാരണത്തിന് ആവശ്യമായ വസ്തുക്കൾ തയാറാക്കി വിതരണം ചെയ്യാനുള്ള ചുമതല ഇപ്പോഴും വനിതാ ശിശുവികസന വകുപ്പിൽ നിലനിൽക്കുകയാണെന്നു കത്തിൽ ചൂണ്ടിക്കാട്ടി. ഇതിനു പണം ആവശ്യമാണ്. അതു സ്വാഭാവികമായും സർക്കാർ ഫണ്ടിൽ നിന്ന് എടുക്കേണ്ടി വരും.
ഹൈന്ദവ സംഘടനകളെ മാത്രം ഉൾപ്പെടുത്തിയാണു മതിൽ നിർമിക്കുന്നത്. അതുകൊണ്ടു സർക്കാർ പണം ചെലവഴിക്കുന്നത് ഭരണഘടനാ തത്വങ്ങൾക്കും സുപ്രീംകോടതി വിധിക്കും എതിരാണെന്നും കത്തിൽ പറയുന്നു.