തിരുവനന്തപുരം: വനിതാ മതിലിന്റെ ആലപ്പുഴയിലെ രക്ഷാധികാരിയായി തന്റെ പേരു വച്ചതു സാമാന്യ മര്യാദയുടെ ലംഘനമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നോട് ഒരു വാക്കുപോലും ചോദിക്കാതെയാണു രക്ഷാധികാരിയാക്കി പേരുവച്ചതെന്നും ആലപ്പുഴ ജില്ലാ കളക്ടറെ ഇക്കാര്യത്തിൽ പ്രതിഷേധമറിയിച്ചെന്നും ചെന്നിത്തല അറിയിച്ചു.
തന്നോടു ആലോചിക്കാതെ വനിതാ മതിലിന്റെ ആലപ്പുഴയിലെ രക്ഷാധികാരിയായി തന്റെ പേരു വച്ചത് അപഹാസ്യമായ രാഷ്ട്രീയ ഗിമ്മിക്കും സാമാന്യ മര്യാദയുടെ ലംഘനവുമാണ്. കേരളത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായി തിരിക്കുകയും വർഗീയ ചേരിതിരിവിനു കാരണമാവുകയും ചെയ്യുന്ന വനിതാമതിലിനോടുള്ള എതിർപ്പ് താൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് രക്ഷാധികാരിയാക്കി പേരു വച്ചത്. പ്രതിഷേധം ആലപ്പുഴ ജില്ലാ കളക്ടറെ ഫോണിൽ വിളിച്ചറിയിച്ചിട്ടുണ്ട്. പരിപാടിയുടെ രക്ഷാധികാരിയാക്കുകയും അത് പത്രക്കുറിപ്പായി പുറത്തിറക്കുകയും ചെയ്തത് രാഷ്ട്രീയ സദാചാരത്തിന് ചേരുന്ന നടപടി അല്ലെന്നും ചെന്നിത്തല പത്രക്കുറിപ്പിൽ അറിയിച്ചു.
രണ്ടു തവണയാണ് പിആർഡി പത്രക്കുറിപ്പിറക്കിയത്. ആദ്യ പത്രക്കുറിപ്പിൽ ചെന്നിത്തലയുടെ പേരില്ലായിരുന്നു. രണ്ടാമത്തേതിൽ പേരു വച്ച് ഇറക്കി. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും രക്ഷാധികാരിയാക്കിയ നടപടി ഉടൻ പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.