ന്യൂഡൽഹി: രാഷ്ട്രത്തിന്റെ സുപ്രധാന തീരുമാനം എടുക്കുന്ന പരമോന്നത മണ്ഡലമായ പാർലമെന്റിൽ സ്ത്രീ ശബ്ദം കുറവാണെന്ന പരാതിക്ക് ഇത്തവണ ജനങ്ങൾ തന്നെ ചെറിയ പരിഹാരം വരുത്തി. ഇന്ത്യയുടെ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായി 78 വനിതകൾ ലോക്സഭയിലേക്ക് ജയിച്ചെത്തി. വനിതാ പ്രതിനിധികളുടെ എണ്ണത്തിൽ റിക്കാർഡ് സൃഷ്ടിച്ച ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സ്ത്രീകളെ ലോക്സഭയിലേക്ക് എത്തിച്ചത് യുപിയും ബംഗാളും.
യുപിയിൽനിന്നും ബംഗാളിൽനിന്നും 11 പേർ വീതം ഡൽഹി ടിക്കറ്റെടുത്തു. 17ാം ലോക്സഭയിൽ വനിതകൾ 14 ശതമാനമായി ഉയർന്നു. 1952 ന് ശേഷം ആദ്യമായാണ് ഇത്രയും അധികം സ്ത്രീകൾ ജയിച്ചെത്തുന്നത്. രാജ്യത്താകമാനം 724 വനിതാ സ്ഥാനാർഥികളാണ് മത്സരിച്ചത്. കോൺഗ്രസാണ് ഏറ്റവും കൂടുതൽ സ്ത്രീകളെ മത്സരരംഗത്തിറക്കിയത്. 54 സ്ത്രീകളാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചത്. ബിജെപി 53 വനികളെ മത്സരിപ്പിച്ചു.
നിലവിലുള്ള 41 സിറ്റിംഗ് വനിതാ എംപിമാരിൽ 27 പേരും സീറ്റ് നിലനിർത്തി. സോണിയ ഗാന്ധി, ഹേമാ മാലിനി, കിരൺ ഖേർ തുടങ്ങിയ പ്രമുഖർ ജയിച്ചവരിൽ ഉൾപ്പെടും. ഇത്തവണത്തെ വനിതാ എംപിമാരിൽ സ്റ്റാർ കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്നെയാണ്. അമേത്തിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് സ്മൃതി ലോക്സഭയിലെത്തുന്നത്.
നേരത്തെ രാജ്യസഭാംഗമായാണ് സ്മൃതി മന്ത്രിസഭയിൽ ഇടംനേടിയത്. വനിതകൾക്ക് പാർലമെന്റിൽ 33 ശതമാനം സംവരണമെന്ന ആവശ്യം ഉന്നയിക്കുന്ന വനിതാ സംവരണ ബിൽ പാർലമെന്റിൽ തീരുമാനമാകാതെ കിടക്കുകയാണ്.ഇത്തവണ നാല് ഭിന്നലിംഗക്കാരും ലോക്സഭയിലേക്ക് മത്സരിച്ചു. എന്നാൽ നാല് പേർക്കും വിജയിക്കാനായില്ല.