മുക്കം: ക്ഷീര നഗരം പ്രഖ്യാപന ചടങ്ങിൽ താരമായത് വനിത “ഫോട്ടോഗ്രാഫർ ‘. സൗത്ത് കൊടിയത്തൂർ സ്വദേശിയും ഭോപ്പാലിൽ ഡിസൈനിങ് വിദ്യാർഥിനിയുമായ പി.സി. സുമിനാണ് മുക്കം മാമ്പറ്റയിൽ ധനമന്ത്രിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് താരമായത്. ധനമന്ത്രി തോമസ് ഐസക് പുൽത്തണ്ട് നട്ട് തീറ്റപ്പുൽകൃഷി ഉദ്ഘാടനം ചെയ്യാൻ വരുമ്പോൾ മാധ്യമ പ്രവർത്തകർക്കിടയിൽ നിന്ന് തന്റെ എസ്എൽആർ കാമറയിൽ മന്ത്രിയുടെ ചിത്രം പകർത്തുന്ന തിരക്കിലായിരുന്നു സുമിൻ.
ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രി സുമിനിനെ അടുത്ത് വിളിച്ച് ചോദിച്ചു. മാധ്യമ പ്രവർത്തകയോ, അതോ പിആർഡി വകുപ്പിൽ നിന്നോ?. “രണ്ടുമല്ല.. ഞാൻ സഖാവിന്റെ ചിത്രം പകർത്താനുള്ള ആഗ്രഹം കൊണ്ട് വന്നതാണ് ‘. സുമിന്റെ മറുപടി കേട്ട് മന്ത്രിയുൾപ്പെടെയുള്ളവർ പുഞ്ചിരിച്ചു.
സുമിനിനോട് അൽപ്പം കുശലം പറഞ്ഞ മന്ത്രി ഉദ്ഘാടന വേദിയിലേക്ക് മടങ്ങി. വേദിയിൽ മന്ത്രി സംസാരിക്കുമ്പോൾ, ഒരു കണ്ണു ചിമ്മി കാമറക്കണ്ണിലൂടെ നോക്കുന്ന സുമിനിയിലായിരുന്നു സദസിന്റെ ശ്രദ്ധ. അപ്പോഴും മന്ത്രിയുടെ പുഞ്ചിരിക്കുന്ന മുഖം പകർത്താനുള്ള തിരക്കിലായിരുന്നു സുമിൻ. എസ്എഫ്ഐ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡന്റ് കൂടിയാണ് ഈ “ഫോട്ടോ ഗ്രാഫർ’