ബംഗളൂരു: ലോകത്തിനു മുന്നിൽ ഇന്ത്യയ്ക്കു അഭിമാന നിമിഷം. ഏറ്റവും ദൈർഘ്യമേറിയ ആകാശയാത്ര താണ്ടി എയർ ഇന്ത്യയുടെ വനിതാ പൈലറ്റുമാർ ചരിത്രം കുറിച്ചു. ഉത്തര ധ്രുവത്തിലൂടെ 16,000 കിലോമീറ്റർ നീളുന്ന യാത്ര സാൻഫ്രാൻസിസ്കോയിൽ നിന്നാരംഭിച്ച് ബംഗളൂരുവിൽ അവസാനിച്ചു.
എയർ ഇന്ത്യ ബോയിംഗ് 777 വിമാനമാണ് 17 മണിക്കൂറുകൊണ്ട് നാല് വനിത പൈലറ്റുമാർ ചേർന്ന് പറത്തിയത്. വളരെയധികം പരിചയ സമ്പത്തും സാങ്കേതിക വൈദഗ്ധ്യവും ആവശ്യമുള്ള ഈ ദൗത്യത്തിന് ആദ്യമായാണ് വനിതാ വൈമാനികരുടെ ടീമിനെ എയർ ഇന്ത്യ ചുമതലപ്പെടുത്തിയത്.
ഇതാദ്യമായാണ് ഒരു വനിത ടീം ഉത്തര ധ്രുവത്തിനു മുകളിലൂടെ ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര നടത്തുന്നത്.
തങ്ങളെ ദൗത്യം ഏൽപ്പിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് വനിത പൈലറ്റുമാരെ നയിക്കുന്ന സോയ അഗർവാൾ പറഞ്ഞിരുന്നു. തൻമയ് പപഗരി, ആകാംക്ഷ, ശിവാനി മാൻഹാസ് എന്നിവരടങ്ങിയ ടീമിനെയാണ് സോയ നയിച്ചത്.