ഹൈദരാബാദ്: ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത പോലീസുകാരിയും വനിതാ കണ്ടക്ടറും യാത്രക്കാരെ സാക്ഷിയാക്കി ബസിൽ കൂട്ടയടി. തെലുങ്കാനയിലായിരുന്നു വനിതാ കാക്കികൾ തമ്മിൽ ഏറ്റുമുട്ടിയത്. മുഹമൂബ്നഗർ നവാപെട്ട് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ രജിത കുമാരിയും ബസ് കണ്ടക്ടർ ശോഭ റാണിയും തമ്മിലായിരുന്നു അങ്കം.
യൂണിഫോമിലായിരുന്ന രജിത കുമാരി ടിക്കറ്റ് ചാർജായ 15 രൂപ നൽകില്ലെന്ന് പറഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. താൻ ഡ്യൂട്ടിയിലാണെന്നും ടിക്കറ്റ് എടുക്കേണ്ടതില്ലെന്നും രജിത കുമാരി പറഞ്ഞു. എന്നാൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാൻ കഴിയില്ലെന്നായിരുന്നു ശോഭ റാണിയുടെ വാദം. വാറണ്ട് നൽകാൻ പോകുമ്പോൾ മാത്രമാണ് പോലീസുകാർക്ക് സ്വകാര്യ ബസിൽ സൗജന്യ യാത്ര അനുവദിക്കുകയുള്ളെന്നും ശോഭ റാണി അറിയിച്ചു. ഇതോടെ ഇരുവരും തമ്മിൽ കൈയാങ്കളിയായി. ബസിലെ യാത്രക്കാരാണ് ഇവരെ പിടിച്ചുമാറ്റിയത്. തർക്കം ഒടുവിൽ പോലീസ് സ്റ്റേഷനിൽ ഒത്തുതീർക്കുകയായിരുന്നു.
സംഭവം ബസിലെ ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തി. ഇത് പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.