കൊട്ടാരക്കര: വനിതാ പോലീസ് സ്റ്റേഷനിൽ എസ്ഐമാർ ഏറ്റുമുട്ടിയ സംഭവത്തിൽ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് പോലീസ് അന്വേഷണമാരംഭിച്ചു. റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈ എസ്പിക്കാണ് അന്വേഷണ ചുമതല. എന്നാൽ സംഭവം മറച്ചു പിടിക്കാനും ഒതുക്കി തീർക്കാനുമുള്ള ശക്തമായ ശ്രമങ്ങളും നടന്നു വരുന്നുണ്ട്.
ഇന്നലെയാണ് കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനിൽ വനിതാ എസ്ഐമാർ തമ്മിൽ കൈയാങ്കളി നടന്നത്. ഏറ്റുമുട്ടിയ എസ്ഐമാരിൽ ഒരാൾക്ക് പരിക്കേറ്റു. സ്റ്റേഷനിൽ പരാതിക്കാരുടെ മുന്നിലായിരുന്നു വനിതാ എസ്ഐമാരുടെ കൈയാങ്കളി.
വനിതാ സ്റ്റേഷനിലെ ചുമതലക്കാരിയായ എസ്ഐ ഫാത്തിമക്കാണ് പരിക്കേറ്റത്. വനിതാ സ്റ്റേഷനിൽ എസ്ഐയുടെയും എസ്എച്ച്ഒയുടെയും ചുമതല വഹിച്ചു വന്നിരുന്നത് ഫാത്തിമയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ടയാളാണ് ഡെയ്സി.
കൊട്ടാരക്കരയിലേക്ക് പുനർ നിയമനമായതോടെയാണ് ഇന്നലെ ചുമതലയേൽക്കാൻ ഡെയ്സി വനിതാ സ്റ്റേഷനിലെത്തിയത്. എന്നാൽ ഇതു സംബന്ധിച്ച ഒരറിവും ഫാത്തിമയ്ക്കു ലഭിച്ചിരുന്നില്ല. ഇതു മൂലം ചുമതല ഒഴിയാൻ അവർ വിസമ്മതിച്ചു. രാവിലെ മുതൽ തർക്കങ്ങൾ തുടങ്ങിയിരുന്നു.
ഉച്ചയ്ക്ക് കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്സി ആവശ്യപ്പെടുകയും മേശപൂട്ടി താക്കോലെടുക്കുകയും ചെയ്തു. ഇത് ഫാത്തിമ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ കൈയാങ്കളിയിലെത്തിയത്. പിടി വലിയിൽ ഫാത്തിമയുടെ കൈക്ക് പരിക്കേറ്റു.
ആശുപത്രിയിൽ ചികിൽസ തേടിയ ഇവരുടെ കൈ ക്ക് പൊട്ടൽ സംഭവിച്ചിട്ടുള്ളതിനാൽ പ്ലാസ്റ്റർ ഇടേണ്ടി വന്നു. വനിതാ പോലീസ് സ്റ്റേഷനിൽ സഹായം തേടിയെത്തിയ നിരവധി സ്ത്രീകളുടെ മുൻപിലായിരുന്നു ഈ കൈയാങ്കളി.ഫാത്തിമയും ഡെയ്സിയും ഒരേ ബാച്ചിൽ ട്രെയിനിംഗ് കഴിഞ്ഞ് ജോലിക്കു കയറിയവരാണ്.
വനിതാ ഇൻസ്പെക്ടറുടെ നിയമനം നടക്കാത്തതാണ് അധികാരത്തർക്കത്തിനു കാരണമാകുന്നതെന്നും ചൂണ്ടി കാണിക്കപ്പെടുന്നു. ഇവിടെയുണ്ടായിരുന്ന വനിതാ എസ്എച്ച്ഒ വിരമിച്ചിട്ട് ഒരു വർഷത്തിലധികമായി. ജില്ലാ പോലീസ് മേധാവിയുടെ മൂക്കിനു താഴെയാണ് വനിതാ എസ്ഐമാർ ഏറ്റുമുട്ടിയതെന്നതും ശ്രദ്ധേയമാണ്.
പോലീസ് സേനയ്ക്കും സമൂഹത്തിനും നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ഈ സംഭവം.കുത്തഴിഞ്ഞ രീതിയിലാണ് കൊല്ലം റൂറലിലെ ഭരണസംവിധാനം. പോലീസ് സ്റ്റേഷനുകളിലും സേനയിലുമുണ്ടാകുന്ന സംഭവങ്ങൾ ഉന്നത ഉദ്യോഗസ്ഥൻ അറിയുന്നില്ല.
മിക്കയിടത്തും അച്ചടക്കരാഹിത്യം നിലനിൽക്കുന്നു. ഉത്രവധക്കേസ് അന്വേഷണ സംഘത്തിന് ബാഡ്ജ് ഓഫ് ഓണർ നൽകി ആദരിച്ചപ്പോൾ സംഘത്തിലെ മൂന്നു പേരെ ഒഴിവാക്കിയത് വിവാദമായിരുന്നു. സേനക്കുള്ളിലെ കുതികാൽ വെട്ടും അച്ചടക്കമില്ലായ്മയുമാണ് ഇതിന് കാരണമായത്. ഒഴിവാക്കപ്പെട്ടവർ പിന്നീട് ഡിജിപിക്ക് പരാതി നൽകിയതിനെ തുടർന്ന് ഇവർക്കും ബാഡ്ജ് ഓഫ് ഓണർ നൽകുകയാണുണ്ടായത്.