തൃശൂർ: സംസ്ഥാനത്ത് ആദ്യമായി രൂപീകരിക്കുന്ന വനിതാ പോലീസ് ബറ്റാലിയൻ യാഥാർഥ്യത്തിലേക്ക്. നിയമന ശിപാർശ ലഭിച്ചവർക്കുള്ള മെഡിക്കൽ പരിശോധന ആരംഭിച്ചതോടെ വനിതാ പോലീസ് ബറ്റാലിയൻ അധികം വൈകാതെതന്നെ രൂപവത്കൃതമാകാൻ വഴിയൊരുങ്ങി. സംസ്ഥാന പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനും സ്ത്രീസുരക്ഷയ്ക്കായുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനും വേണ്ടിയാണു സംസ്ഥാനത്തു വനിതാ പോലീസ് ബറ്റാലിയൻ രൂപവത്കരിക്കാൻ സർക്കാർ തീരുമാനിച്ചത്.
വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമായി ഉയർത്തുന്നതിന്റെ ഭാഗംകൂടിയാണു വനിതാ ബറ്റാലിയൻ. ഇപ്പോൾ കേരള പോലീസിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം 6.4 ശതമാനം മാത്രമാണ്. വനിതാ പോലീസ് ബറ്റാലിയന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. എസ്പി റാങ്കിലുള്ള ആർ.നിശാന്തിനി ഐപിഎസാണു പുതിയ ബറ്റാലിയന്റെ കമൻഡാന്റ്. തിരുവനന്തപുരത്തു പോലീസ് ആസ്ഥാനത്തു ബറ്റാലിയനു താത്കാലിക ഓഫീസും ആരംഭിച്ചിട്ടുണ്ട്.
കമൻഡാന്റിന്റെ നേതൃത്വത്തിൽ 20 വനിതാ ഹവീൽദാർമാർ, 380 വനിതാ പോലീസ് കോണ്‍സ്റ്റബിൾമാർ, ഒരു ആർമർ എസ്ഐ, 10 ടെക്നിക്കൽ വിഭാഗം ജീവനക്കാർ എന്നിവർ പ്രവർത്തിക്കും. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജൂണിയർ സൂപ്രണ്ട്, കാഷ്യർ/സ്റ്റോർ അക്കൗണ്ടന്റ് എന്നീ വിഭാഗങ്ങളിലായി ഓരോരുത്തർ വീതവും എട്ടു ക്ലാർക്ക്, രണ്ടു ടൈപ്പിസ്റ്റ്, ഒരു ഓഫീസ് അസിസ്റ്റന്റ്, 20 ക്യാന്പ് ഫോളോവർമാർ എന്നിവരും ഈ ബറ്റാലിയനിലുണ്ടാകും.
ഇതിനുള്ള 451 തസ്തികകൾ സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്.ബറ്റാലിയനുവേണ്ടി റിപ്പോർട്ട് ചെയ്തിട്ടുള്ള 380 വനിതാ പോലീസ് കോണ്‍സ്റ്റബിൾ ഒഴിവുകളിൽ 330 പേർക്കു നിലവിലുള്ള ഏഴ് ബറ്റാലിയൻ റാങ്ക് ലിസ്റ്റുകളിൽനിന്നു കേരള പിഎസ്സി നിയമന ശിപാർശ നല്‍കിക്കഴിഞ്ഞു. ഇവർക്കുള്ള പരിശീലനം മെഡിക്കൽ പരിശോധനയും പോലീസ് വെരിഫിക്കേഷനും പൂർത്തിയാകുന്ന മുറയ്ക്ക് ആരംഭിക്കും. ഒന്‍പതുമാസത്തെ പരിശീലനമാണ് ഇവർക്കു നൽകുക.
ഇതിൽ 30 വനിതാ പോലീസുകാർക്ക് ഇന്ത്യ റിസർവ് ബറ്റാലിയൻ മാതൃകയിൽ ട്രെയിനിംഗ് നൽകി കമാൻഡോ പ്ലറ്റൂണ്‍ രൂപീകരിക്കും. ഈ കമാൻഡോ യൂണിറ്റ് നഗര-ഗ്രാമപ്രദേശങ്ങളിൽ ഒരുപോലെ പ്രവർത്തിക്കും. പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ പിങ്ക് പട്രോളിംഗ് അടക്കമുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും.