തൃശൂർ: പോലീസ് സേനിയിൽ വനിതാ പോലീസ് സാന്നിധ്യം 25 ശതമാനമാക്കി ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെട്ടന്നു തന്നെ ഇത് സാധ്യമാക്കാൻ കഴിയില്ലെങ്കിലും 15 ശതമാനം എത്രയും പെട്ടന്ന് ഉയർത്താനുള്ള നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്പെഷൽ റിക്രൂട്ട്മെന്റ് നടത്തിയാണ് ഇതിന് പരിഹാരം കാണുക. പിന്നീട് ഘട്ടംഘട്ടമായി 25 ശതമാനത്തിലെത്തിക്കും. പരിശീലനം പൂർത്തിയാക്കിയ വനിത പോലീസ് ബറ്റാലിയൻ പ്രഥമ ബാച്ചിന്റെ പാസിംഗ് ഒൗട്ട് പരേഡിൽ സല്യൂട്ട ്സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. വനിതാ പോലീസിലെത്തിയ പുതിയ ബാച്ചിൽ ഭൂരിപക്ഷം പേരും നല്ല വിദ്യാഭ്യാസ യോഗ്യത ഉള്ളവരായതിനാൽ പോലീസ് സേന കാര്യക്ഷമമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പല സ്ഥാനങ്ങളിലും ഇരിക്കുന്നവർ മതനിരപേക്ഷത അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്. ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുടെ തെറ്റിദ്ധാരണ പരത്തുന്ന ആജ്ഞകൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ പേരു പരാമർശിക്കാതെയാണ് മുഖ്യമന്ത്രി ഇതു പറഞ്ഞത്. വനിത കമാൻഡോകളുടെ ആയുധ ഡെമോണ്‍സ്ട്രേഷനും ഉണ്ടായിരുന്നു.
578 വനിതാ പോലീസുകാരുടെ പാസിംഗ് ഒൗട്ട് പരേഡാണ് നടന്നത്. ഇതിൽ 44 പേർ കമാൻഡോ പരിശീലനം പൂർത്തിയാക്കിയവരാണ്. ഡിജിപി ലോക്നാഥ് ബെഹ്റ, പോലീസ് അക്കാദമി ഡയറക്ടർ ബി.സന്ധ്യ, മേയർ അജിത ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.