സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ വനിതാ പോലീസുകാരെ ഓഫീസ് ഡ്യൂട്ടിയിൽ മാത്രം ഒതുക്കുന്ന പ്രവണതയ്ക്കെതിരെ ഡിജിപി ലോക്നാഥ് ബെഹ്റ. പോലീസ് സ്റ്റേഷനുകളിൽ ജോലിക്കു നിയോഗിക്കുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥർക്കു പുരുഷൻമാരായ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന എല്ലാ ഒൗദ്യോഗിക ഉത്തരവാദിത്വങ്ങളും നിർവഹിക്കാനുള്ള അവസരം നല്കണമെന്നു ഡിജിപി എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും കർശന നിർദേശം നൽകി.
നിരവധി വനിതാ പോലീസ് ഉദ്യോഗസ്ഥരെ പരിശീലനം പൂർത്തിയാക്കി പുതുതായി പോലീസ് സ്റ്റേഷനുകളിലും ടൂറിസ്റ്റ് പ്രൊട്ടക്ഷൻ സെന്ററുകളിലും മറ്റ് പോലീസ് സഹായകേന്ദ്രങ്ങളിലും നിയോഗിക്കുന്നുണ്ടെന്നും ഇത്തരത്തിൽ എത്തുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് പല പോലീസ് സ്റ്റേഷനുകളിലും ഓഫീസ് ജോലികൾ മാത്രമാണ് നൽകുന്നതെന്നും ഡിജിപി ചൂണ്ടിക്കാട്ടി.
വനിതകളായ നിരവധി സിപിഒമാർ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവും നേടിയവരാണെന്നും അവരെ ഇത്തരത്തിൽ ഓഫീസ് ജോലി മാത്രം നൽകി പരിമിതപ്പെടുത്താതെ പോലീസുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിലും പരിശീലനം നൽകേണ്ടത് വകുപ്പിന്റെ ഉത്തരവാദിത്വമാണെന്നും ജില്ലാ പോലീസ് മേധാവിമാരെ ഡിജിപി ഓർമിപ്പിച്ചു.
വനിതാ പോലീസുകാർക്കു കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകി അവരെ മികച്ച പോലീസുകാരായി വാർത്തെടുക്കുന്നതു പോലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനു സഹായകമാകുമെന്നും ലോക്നാഥ് ബെഹ്റ പ്രത്യാശിച്ചു. ഇക്കാര്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഡിജിപി പറഞ്ഞു.
ടൂറിസം പോലീസിലേക്ക് നിയോഗിക്കപ്പെടുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥർക്കു ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ആവശ്യമായ പരിശീലനം നൽകുന്നതിനും സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി.