ലക്നോ: യോഗി ആഥിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽ രേഖകളില്ലാതെ യാത്ര ചെയ്തതിന് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്ത വനിതാ പോലീസ് ഉദ്യോഗസ്ഥ തരംഗമാകുന്നു. യുപിയിലെ ബുലന്ദേശ്വറിലായിരുന്നു സംഭവം. മുതിർന്ന പോലീസ് ഉദ്യോഗസ്ഥയായ ശ്രസ്ത ഠാക്കൂറാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ബിജെപി ജില്ലാ നേതാവ് പ്രമോദ് ലോധിയെയാണ് ശ്രസ്ത അറസ്റ്റ് ചെയ്തത്.
യാത്രാ രേഖകൾ ഇല്ലാതെ യാത്ര ചെയ്തതിനും പോലീസുകാരോട് അപമര്യാദയായി പെരുമാറിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബിജെപി നേതാവാണ് താനെന്നും പോലീസിന് വാഹന പരിശോധന നടത്തേണ്ട കാര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രമോദ് ലോധി ബഹളംവച്ചത്.
വാഹന പരിശോധന പോലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രിയിൽനിന്നും രേഖാമൂലം എഴുതിവാങ്ങിവന്നാൽ പരിശോധന കൂടാതെ കടത്തിവിടാം. അതിനു കഴിയില്ലെങ്കിൽ തങ്ങളുടെ ജോലിയെടുക്കുമെന്നും അവർ പറഞ്ഞു. രാത്രിയിൽ ജോലിക്കായി വീട്ടിൽനിന്ന് ഇറങ്ങുന്നത് വെറും തമാശയ്ക്കല്ല. ഇത് ഞങ്ങളുടെ ജോലിയായിട്ടാണെന്നും അവർ ബിജെപി നേതാവിനോട് പറഞ്ഞു.
ലോധിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതിക്ക് പുറത്ത് ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ബഹളമുണ്ടാക്കി. 2000 രൂപ കൈക്കൂലി നൽകാത്തതു കൊണ്ടാണ് ലോധിയെ അറസ്റ്റ് ചെയ്തതെന്നാരോപിച്ചായിരുന്നു ബഹളം.