കൊല്ലം: ഹെല്‍മെറ്റ് ധരിച്ച് ഇരുചക്രവാഹനത്തിലെത്തിയ ഗവേഷക വിദ്യാര്‍ഥിയെ വാഹനപരിശോധനയുടെ പേരില്‍ വനിതാ എസ്ഐ വഴിയില്‍ തടഞ്ഞുനിര്‍ത്തി അവഹേളിച്ചതായി പരാതി.
പോലീസില്‍നിന്ന് വിരമിച്ച ദമ്പതികളുടെ മകളും കേരള സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയുമായ കടപ്പാക്കട ശാന്തി ഭവനില്‍ വീണയെയാണ് അധിക്ഷേപിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചരയോടെ ആശ്രാമം ലിങ്ക്റോഡില്‍ ക്രൈംബ്രാഞ്ച് ഓഫീസിന് സമീപമായിരുന്നു സംഭവം. വാഹനത്തില്‍ സൂക്ഷിച്ചിരുന്നത് പഴയ ഇന്‍ഷുറന്‍സ് രേഖയായിരുന്നതിന്റെ പേരിലാണ് ആള്‍ക്കൂട്ടത്തിനിടയില്‍ എസ്ഐ യുവതിയെ അധിക്ഷേപിച്ചത്.
യുവതിയുടെ വാഹനം തടഞ്ഞുനിര്‍ത്തിയ എസ്ഐ രേഖകള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
ആര്‍സി ബുക്ക്, ലൈസന്‍സ്, ഇന്‍ഷുറന്‍സ് എന്നിവയുടെ പകര്‍പ്പ് കാണിച്ചു. ഇന്‍ഷുറന്‍സ് തീര്‍ന്ന് പെറ്റി അടയ്ക്കണമെന്ന് എസ്ഐ പറഞ്ഞപ്പോഴാണ് പുതുക്കിയ പേപ്പര്‍ വണ്ടിയില്‍ എടുത്തുവയ്ക്കാത്തത് യുവതി ഓര്‍ത്തത്.
കടപ്പാക്കടയിലെ വീട്ടില്‍പോയി ഇന്‍ഷുറന്‍സ് പുതുക്കിയ പേപ്പര്‍ എടുത്തുകൊണ്ടുവരാമെന്ന് പറഞ്ഞപ്പോള്‍ പേപ്പറൊക്കെ വീട്ടിലിരിക്കട്ടെ പെറ്റി അടച്ചിട്ട് പോയാല്‍ മതിയെന്നായി എസ്ഐ.
അച്ഛനും അമ്മയും പോലീസില്‍ ജോലി ചെയ്തവരാണെന്നും ശരിയായ രേഖകളില്ലാതെ താന്‍ വാഹനം ഓടിക്കാറില്ലെന്നും യുവതി പറഞ്ഞപ്പോള്‍ നിന്റെ അമ്മ വലിയ പെറ്റിപിടിത്തക്കാരിയാണെന്ന് കേട്ടിട്ടുണ്ട്, പെറ്റി അടച്ചിട്ട് നീ വീട്ടില്‍പോയാല്‍ മതി എന്ന് പറഞ്ഞ് എസ്ഐ യുവതിയെ ആക്ഷേപിക്കുകയായിരുന്നവത്രെ.
നിയമപരമായ നടപടി സ്വീകരിക്കാന്‍ പറഞ്ഞശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ് യുവതി വീട്ടിലേക്ക് മടങ്ങിയത്. യുവതിയുടെ അമ്മ ട്രാഫിക് എസ്ഐയായും അച്ഛന് എഎസ്ഐയുമായാണ് വിരമിച്ചത്. കമീഷണര്‍ അജിതാബീഗത്തിനാണ് യുവതിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയത്.