കണ്ണൂർ: കേരളാ പോലീസിന്റെ ബറ്റാലിയനിലുള്ള വനിതാ പോലീസുകാരെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി നിയമിക്കാൻ ഡിജിപി ലോകനാഥ് ബഹ്റ ഉത്തരവിറക്കി. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ വനിതാ പോലീസുകാരുടെ കുറവുണ്ടെന്ന് രാഷ്ട്രദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
നിലവിൽ കണ്ണൂർ, മലപ്പുറം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ ബറ്റാലിയനുകളിൽ പുരുഷ പോലീസ് ബറ്റാലിയന്റെ കൂടെയാണ് വനിതകളുള്ളത്. ബറ്റാലിയനിലുള്ള വനിതാ പോലീസുകാരെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ നിയമിച്ചാൽ മാത്രമേ സ്ത്രീകൾക്ക് മതിയായ സുരക്ഷ ഒരുക്കാൻ വനിതാ പോലീസിന്റെ സേവനം സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുകയുള്ളൂവെന്ന് ഇന്നലെ രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായുള്ള അതിക്രമങ്ങൾ കൈകാര്യം ചെയ്യുവാൻ പോലീസ് സ്റ്റേഷനുകളിൽ വനിതാ പോലീസിന്റെ സേവനം ആവശ്യമാണെന്നും അതിന് ബറ്റാലിയനിലുള്ളവരെ വനിതാ പോലീസിന്റെ കുറവുള്ള പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റണമെന്നും ഡിജിപിയുടെ ഉത്തരവിൽ പറയുന്നു.
പോലീസുകാരുടെ കുറവുമൂലം ലോകവനിതാ ദിനമായ ഇന്ന് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ ചുമതല വനിതാ പോലീസുകാർക്ക് നൽകണമെന്ന ഡിജിപിയുടെ ഉത്തരവ് പോലീസുകാരുടെ കുറവുമൂലം ഇന്ന് മിക്ക സ്റ്റേഷനുകളിലും നടപ്പായില്ല.