സ്വന്തംലേഖകന്‍
കോഴിക്കോട്: സംസ്ഥാന എക്സൈസ് സേനയില്‍ വനിതകള്‍ക്ക് നേരിടേണ്ടി വന്ന മാനസികവും ശാരീരികവുമായ പീഡനം സംബന്ധിച്ച് ജില്ലാതലത്തില്‍ അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ റേഞ്ച് അടിസ്ഥാനത്തിലാണ് പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുന്നത്. കോഴിക്കോട്ട് ഒന്‍പതു റേഞ്ചുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് സമര്‍പ്പിക്കുമെന്നാണറിയുന്നത് .
പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ എല്ലാ റേഞ്ചുകളിലേക്കും കഴിഞ്ഞ ദിവസം തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. വനിതകളുടെ പരാതിയില്‍ അന്വേഷണം നടത്തില്ലെന്നായിരുന്നു എക്സൈസ് കമ്മീഷണര്‍ ഔദ്യോഗികമായി പ്രതികരിച്ചത്. ഇത് പരാതിയുടെ ഗൗരവം കുറയ്ക്കാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
അടിയന്തരമായി സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ട കമ്മീഷണര്‍ പരാതി പുറത്തായതോടെ നിലപാട് മാറ്റുകയായിരുന്നു. എന്നാല്‍ രേഖാമൂലമുള്ള ഉത്തരവായതിനാല്‍ അന്വേഷിക്കാതിരിക്കാന്‍ ഡെപ്യൂട്ടി കമ്മിഷണര്മാര്ക്കാവില്ല. കൂടാതെ അന്വേഷിക്കേണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് പിന്നീട് നിര്‍ദേശവും നല്‍കിയിരുന്നില്ല. ഇതിനാലാണ് ജില്ലാ അടിസ്ഥാനത്തിലുള്ള അന്വേഷണം നടത്തുന്നത്.
ശാരീരിക-മാനസിക പീഡനം ആരോപിച്ച് ഒരു കൂട്ടം വനിതാ സിവില്‍ ഓഫീസര്‍മാർ കഴിഞ്ഞമാസമാണ് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിംഗിന് കത്തയച്ചത്. പീഡനങ്ങളെക്കുറിച്ച് നേരിട്ട് അറിയിക്കണമെന്നുണ്ടെങ്കിലും വകുപ്പില്‍ നിന്നും ചിലര്‍ പുറത്താക്കുമെന്ന് അറിയുന്നതിനാലാണ് കത്ത് എഴുതേണ്ടിവന്നതെന്നായിരുന്നു ഉള്ളടക്കം.
വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ സേനയില്‍ പലവിധത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണെന്നും പല സിവില്‍ എക്സൈസ് ഓഫീസര്‍മാരും പ്രിവന്റിവ് ഓഫീസര്‍മാരും അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പക്ടര്‍മാരും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍മാരും ഡെപ്യൂട്ടി കമ്മീഷണര്‍മാരും ദുഷ്ടലാക്കോടു കൂടിയാണ് സമീപിക്കുന്നതെന്നും വനിതകള്‍ മേലുദ്യോഗസ്ഥരുടെ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും വ്യക്തമാക്കുന്നതായിരുന്നു കത്ത്.