കോഴിക്കോട് : ശബരിമലനട തുറക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കെ വനിതാ പോലീസില്‍ ആശങ്ക. ഡ്യൂട്ടിക്കായി ശബരിമലയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടാണ് വനിതാ പോലീസുകാര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നത്. സാധാരണ ശബരിമല സീസണില്‍ പമ്പയില്‍ വരെയാണ് വനിതാ പോലീസിനെ വിന്യസിപ്പിക്കാറുള്ളത്.
ഇതിനായി ഓരോ ജില്ലയില്‍നിന്നുള്ള ഷെഡ്യൂളുകളായി അയയ്ക്കുകയാണ് പതിവ്. ഇത്തരത്തില്‍ ഡ്യൂട്ടി ചെയ്യാന്‍ എല്ലാവരും സന്നദ്ധമാവാറുണ്ട്. എന്നാല്‍ സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്നതിനെ തുടര്‍ന്ന് ഇനിമുതല്‍ സന്നിധാനത്തും വനിതാ പോലീസിനെ വിന്യസിപ്പിക്കാനാണ് തീരുമാനിച്ചത്. 500 വനിതാ പോലീസിനെയാണ് ആദ്യഘട്ടത്തില്‍ നിയോഗിക്കാനായി തീരുമാനിച്ചത്. ഇതുപ്രകാരം ഓരോ പോലീസ് ജില്ലകളില്‍ നിന്നായി വനിതാ പോലീസിനെ അയക്കണം.
അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീകോടതി വിധിയില്‍ സ്ത്രീകളെ നിര്‍ബന്ധിക്കുന്നില്ലെന്നും ഇഷ്ടമുള്ളവര്‍ക്ക് പോവാമെന്നുമാണ് പറയുന്നത്. ഇതേ സ്ത്രീ വിഭാഗമാണ് വനിതാ പോലീസിലുമുള്ളത്. ഇവര്‍ക്ക് വിശ്വാസത്തെ മാറ്റി നിര്‍ത്തി ജോലി ചെയ്യുകയെന്നത് മൗലികാവകാശ ലംഘനമാണെന്നാണ് ഉയരുന്ന വാദം. വിശ്വാസികളായ പല വനിതാ പോലീസുകാരും സന്നിധാനം ഡ്യൂട്ടിയ്ക്ക് തയാറാവാത്ത സ്ഥിതിയാണ്.
ഇത്തരം സാഹചര്യം മുന്‍കൂട്ടി കണ്ട് ജോലിയും വിശ്വാസവും രണ്ടാണെന്നും സേനയില്‍ പുരുഷന്മാരെന്നോ സ്ത്രീകളെന്നോ വ്യത്യാസമില്ലെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും വനിതാ പോലീസില്‍ മാറ്റങ്ങളുണ്ടായിട്ടില്ലെന്നാണറിയുന്നത്. പീരിയഡ്സ് ദിനങ്ങളിൽ ക്ഷേത്രദർശനംവരെ ഒഴിവാക്കുന്നവരാണ് ഹൈന്ദവ സ്ത്രീകൾ. ” ആ ദിനങ്ങളിൽ ‘ ശബരിമല ഡ്യൂട്ടി ലഭിച്ചാൽ എന്തുചെയ്യുമെന്ന് വനിതാപോലീസുകാർ ചോദിക്കുന്നു.
ആരും ഡ്യൂട്ടിയ്ക്ക് പോവാന്‍ തയാറാവില്ല. വിശ്വാസത്തിന്റെ പേരില്‍ ഡ്യൂട്ടിയില്‍ നിന്ന് മാറ്റുകയും ഈ അവസരത്തില്‍ മറ്റുള്ളവരെ നിയോഗിക്കാനുമാണ് പലിയടത്തും വനിതാ പോലീസിനുള്ളില്‍ ധാരണയായത്. അതേസമയം വിസമ്മതിക്കുന്ന വനിതകളെ ഒഴിവാക്കി വനിതാ ബറ്റാലിയനില്‍നിന്ന് ഉദ്യോഗസ്ഥരെ കണ്ടെത്താനും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ബറ്റാലിയനിലും സമാനസ്ഥിതിയാണുണ്ടാവുക.
ശബരിമല വിവാദം സേനയിലും ചര്ച്ചയാവുന്നതോടെമാസമുറയെന്ന കാരണം പറഞ്ഞ് അവധിയെടുക്കാനുള്ള സാധ്യതയും ഏറെയാണ്. വരും ദിവസങ്ങളില്‍ ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ പോലീസിനുള്ളിലും ശക്തമാകാനുള്ള സാധ്യതയാണുള്ളതെന്നാണ് സേനയ്ക്കുള്ളില്‍ നിന്നുമറിയാന്‍ കഴിയുന്നത്. പോലീസ് സേനയിലെ വനിതാ വിഭാഗത്തിൽ കൂടുതലും ഹൈന്ദവ സ്ത്രീകളാണ്.
അതേസമയം ശബരിമല തീര്‍ഥാടനകാല സുരക്ഷയ്ക്ക് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതാ പോലീസുകാരെയും നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഡി.ജി.പി. ലോക്നാഥ് ബെഹ്റ, ദക്ഷിണേന്ത്യന്‍ സംസ്ഥാന പോലീസ് മേധാവിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്.
തുലാമാസ പൂജയ്ക്കായി നട തുറക്കുമ്പോള്‍ത്തന്നെ സ്ത്രീകള്‍ ശബരിമലയിലെത്താമെന്ന കണക്കുകൂട്ടലിലാണ് പോലീസിന്റെ നടപടി. മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലായിരിക്കും സുരക്ഷ ഒരുക്കുന്നത് . ഇക്കാര്യത്തില്‍ അടുത്തയാഴ്ച ആദ്യത്തോടെ തീരുമാനമാകും. വനിതാ തീര്‍ഥാടകരുടെ സുരക്ഷയ്ക്ക് ഡ്രോണ്‍, ക്യാമറകള്‍ തുടങ്ങിയവയും ഉപയോഗിക്കും.
മടിയുള്ള വനിതാ പോലീസിന് കോടതി കയറാം : സെന്‍കുമാര്‍
കോഴിക്കോട്: വിശ്വസത്തെ ഹനിക്കും വിധത്തില്‍ ശബരിമല ഡ്യൂട്ടിയ്ക്കായി വിന്യസിപ്പിക്കുന്നുണ്ടെങ്കില് സംസ്ഥാന പോലീസിലെ വനിതാ പോലീസുകാര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ശബരിമലയില്‍ സ്ത്രീപ്രവേശനത്തോടൊപ്പം വനിതാ പോലീസിനെ നിയോഗിക്കുകയും ചെയ്യുമെന്ന് പറയുന്നതിനു മുമ്പ് അവിടുത്തെ സുരക്ഷയും സൗകര്യവുമാണ് ആദ്യം ഒരുക്കേണ്ടതെന്നും അദ്ദേഹം’രാഷ്ട്ര ദീപിക’യോടു പറഞ്ഞു.
സ്ത്രീകളും പുരുഷന്മാരും ഒരേ സമയം മലകയറുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ക്ക് എങ്ങനെ പരിഹാരമുണ്ടാക്കുമെന്ന് ആദ്യം കാണണം. ഇത്തരത്തില്‍ പല തരത്തിലുമുള്ള കേസുകള്‍ ഇനി ഉണ്ടായേക്കാം. സര്‍ക്കാറിനോടുള്ള അമിത ‘ഭക്തി’കാരണമാണ് ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിക്കാന്‍ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.