കോട്ടയം: സ്പെഷൽ പോലീസ് വിഭാഗത്തിലേക്ക് കോട്ടയം ജില്ലയിൽ 50 വനിതകൾക്ക് നിയമനം നല്കി. ശബരിമല സീസണ് പ്രമാണിച്ചാണ് താൽക്കാലികമായി വനിതകളെ സ്പെഷൽ പോലീസ് വിഭാഗത്തിലേക്ക് നിയമിച്ചത്. നിയമനം ലഭിച്ച 50 പേരും ഡ്യൂട്ടിയിൽ പ്രവേശിച്ചു. ഡിവൈഎസ് പിമാരുടെ കീഴിലാണ് വനിതാ സ് പെഷൽ പോലീസുകാരെ നിയമിച്ചിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസിനു കീഴിൽ 20 പേരെ നിയമിച്ചു. കോട്ടയത്ത് 16 പേരെയും പാലായിൽ 12 പേർക്കും നിയമനം നല്കി. വൈക്കത്ത് രണ്ടു പേരെയാണ് നിയമിച്ചത്. ശബരിമല ഇടത്താവളങ്ങളിലാണ് ഇവർക്ക് ഡ്യൂട്ടി നല്കിയിട്ടുള്ളത്. കോട്ടയത്തെ വനിതാ സ്പെഷൽ പോലീസുകാർക്ക് തിരുനക്കരയും ഏറ്റുമാനൂരുമാണ് ഡ്യൂട്ടി. കാഞ്ഞിരപ്പള്ളിയിൽ നിയമനം ലഭിച്ചവർക്ക് എരുമേലിയിലാണ് ഡ്യൂട്ടി.
ആദ്യമായാണ് സ്പെഷൽ പോലീസ് വിഭാഗത്തിൽ വനിതകളെ നിയമിച്ചത്. മുൻ എൻസിസി, സ്റ്റുഡന്റ്സ് പോലീസ്, എൻഎസ്എസ് പ്രവർത്തകർക്കാണ് നിയമനം നല്കിയിട്ടുള്ളത്. ഇപ്പോൾ ജില്ലയിൽ 96 പുരുഷ സ് പെഷൽ പോലീസുകാരുണ്ട്. ഇവർക്കു പുറമേയാണ് 50 വനിതാ സ്പെഷൽ പോലീസുകാരെക്കൂടി നിയമിച്ചത്. ശബരിമല സീസണ് കഴിയുന്നതോടെ ഇവരെ പിരിച്ചുവിടും. ദിവസം 645 രൂപയാണ് ഇവരുടെ വേതനം.