തൊടുപുഴ: വ്യാജരേഖ ചമച്ച് സംസ്ഥാന പോലീസ് സഹകരണ സംഘത്തിൽനിന്നും പോലീസ് ഉദ്യോഗസ്ഥ വായ്പ എടുത്തതായി പരാതി. പത്തു ലക്ഷം രൂപയാണ് ഇവർ വായ്പ എടുത്തത്. സമയത്ത് തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ജാമ്യക്കാരന് റിക്കവറി നോട്ടീസ് കിട്ടിയതോടെ ഇയാൾ കാളിയാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥയും പരാതിക്കാരനായ പോലീസുകാരനും കരിങ്കുന്നം പോലീസ് സ്റ്റേഷനിൽ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. ഈ സമയം പോലീസ് ഉദ്യോഗസ്ഥ ഇടുക്കി ജില്ലാ പോലീസ് സൊസൈറ്റിയിൽനിന്നും വായ്പ എടുത്തിരുന്നു. അന്ന് പരാതിക്കാരൻ ഇവർക്ക് ജാമ്യം നിന്നിരുന്നു.
പിന്നീടാണ് ഇയാളുടെ വ്യാജ ഒപ്പിട്ട അപേക്ഷ സംസ്ഥാന സഹകരണ സംഘത്തിൽ നൽകിയത്. അപേക്ഷയെ തുടർന്ന് കണ്ഫർമേഷൻ കത്ത് സൊസൈറ്റി ഇടുക്കി ജില്ലാ പോലീസ് ഓഫീസിൽ അയയ്ക്കുകയും അതിൽ മറുപടി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വായ്പ നൽകിയെന്നുമാണ് പരാതിയിൽ പറയുന്നത്.
അഞ്ചു വർഷം മുന്പാണ് സംഭവം. അന്ന് ജാമ്യക്കാരൻ നേരിട്ട് ഹാജരായി കരാറിൽ ഒപ്പിടേണ്ട ആവശ്യമില്ലെന്നും പറയുന്നു. അതിനാൽ ആൾമാറാട്ടം നടത്തി മറ്റൊരാളെ ഉപയോഗിച്ച് ജാമ്യകരാറിൽ ഒപ്പിട്ടതാകാമെന്ന നിഗമനത്തിലാണ് പോലീസ്. പരാതിയിൽ കേസ് എടുത്തെന്നും വായ്പ റിക്കവറി ആയതു കൊണ്ട് ജാമ്യക്കാരൻ പരാതി നൽകിയതാണോ എന്നതുൾപ്പെടെ നിജസ്ഥിതി അന്വേഷിച്ചു വരികയാണെന്ന് കാളിയാർ പോലീസ് പറഞ്ഞു.
പരാതിക്കാരനായ പോലീസുകാരൻ കരിമണൽ സ്റ്റേഷനിലും വനിത ഉദ്യോഗസ്ഥ വാഗമണ് സ്റ്റേഷനിലുമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. വായ്പ എടുക്കുന്നതിന് ഒന്നിൽ കൂടുതൽ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റ് ഇത്തരത്തിൽ ഹാജരാക്കിയിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്.