റെനീഷ് മാത്യു
കണ്ണൂർ: ലോകവനിതാ ദിനത്തിൽ സ്റ്റേഷൻ ചുമതല വനിതാ പോലീസുകാർക്ക് നൽകണമെന്നുള്ള ഡിജിപിയുടെ ഉത്തരവ് സംസ്ഥാനത്തെ മിക്ക പോലീസ് സ്റ്റേഷനിലും നടപ്പിലാകില്ല. ലോകവനിതാ ദിനമായ നാളെ സ്ത്രീ സുരക്ഷ, സംരക്ഷണം, തുല്യത എന്ന ലക്ഷ്യത്തോടെയാണ് സ്റ്റേഷൻ ചുമതലകൾ വനിതകളെ ഏല്പിക്കണമെന്ന് ഡിജിപി ലോകനാഥ് ബഹ്റ ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ വനിതാ പോലീസുകാരുടെ അഭാവമാണ് ഡിജിപിയുടെ ഉത്തരവ് നടപ്പിലാക്കാൻ സാധിക്കാത്തത്. സ്റ്റേഷനിലെ പ്രധാന ചുമതലയായ ജിഡി ഉൾപ്പെടെയുള്ള കാര്യങ്ങൾ വനിതാ പോലീസുകാരായിരിക്കണം നിയന്ത്രിക്കണമെന്നാണ് ഡിജിപിയുടെ ഉത്തരവ്.
എന്നാൽ ജിഡി ചാർജ് കൊടുക്കണമെങ്കിൽ സീനിയർ വനിതാ പോലീസ് ഓഫീസർ വേണം. സംസ്ഥാനത്തെ ഭൂരിഭാഗം സ്റ്റേഷനുകളിലും സീനിയർ വനിതാ പോലീസ് ഓഫീസറുടെ അഭാവമുണ്ട്. അതിനാൽ ചുരുക്കം ചില സ്റ്റേഷനുകളിൽ മാത്രമേ ഡിജിപിയുടെ ഉത്തരവ് നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ.
സംസ്ഥാനത്ത് വനിതാ പോലീസ് ബറ്റാലിയൻ രൂപീകരിക്കുമെന്ന് പറഞ്ഞിട്ടുള്ള ആഭ്യന്തരവകുപ്പിന്റെ തീരുമാനം ഇതുവരെയും നടപ്പിലായില്ല. കണ്ണൂർ, മലപ്പുറം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ ബറ്റാലിയനുകളിൽ പുരുഷ പോലീസ് ബറ്റാലിയന്റെ കൂടെയാണ് വനിതകളുള്ളത്.
ബറ്റാലിയനിലുള്ള വനിതാ പോലീസുകാരെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ നിയമിച്ചാൽ മാത്രമേ സ്ത്രീകൾക്ക് മതിയായ സുരക്ഷ ഒരുക്കാൻ വനിതാ പോലീസിന്റെ സേവനം ലഭിക്കുകയുള്ളൂ.കഴിഞ്ഞ വനിതാ ദിനത്തിൽ കണ്ണൂർ ടൗൺ സ്റ്റേഷന്റെ ചുമതല വനിതാ പോലീസുകാർക്കായിരുന്നു. ഇത് സംസ്ഥാന ശ്രദ്ധയാകർഷിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ഇത്തവണ സ്റ്റേഷൻ ചുമതല വനിതാ പോലീസുകാർക്ക് നൽകുന്നത്.