പയ്യന്നൂര്‍: പയ്യന്നൂര്‍ വനിത പോളിടെക്നിക് കോളജിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തില്‍ കോളജ് ക്യാമ്പസില്‍ നടത്തിയ പുനര്‍ജനി ക്യാമ്പിലൂടെ പുനരുജീവിപ്പിച്ചത് ഒരു കോടിയിലേറെ രൂപയുടെ ആസ്തികള്‍. ഏഴ് ദിവസങ്ങളിലായി നടന്ന ക്യാമ്പിന്റെ ഭാഗമായി മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പ്, ഇലക്ട്രോണിക്സ് ലാബ്, ഇന്‍സ്ട്രുമെന്റേഷന്‍ എൻനീയറിങ്ങ് എന്നിവടങ്ങളിലെ പ്രവര്‍ത്തനക്ഷമമല്ലാത്ത നിരവധി യന്ത്രങ്ങളും ഉപകരണങ്ങളും പ്രവര്ത്തനക്ഷമാക്കിയാണ് ഈ നേട്ടം.
കാലപ്പഴക്കത്താല്‍ തുരുമ്പ് പിടിച്ച മുഴുവന്‍ യന്ത്രങ്ങളും പെയിന്റടിച്ചും നവീകരിച്ചും വിവിധ ലാബുകളിലെയും വര്‍ക്ക്ഷോപ്പുകളിലെയും ഡസ്കുകളും അലമാരകളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും വിമന്‍സ് ഹോസ്റ്റലിലെ ഫര്‍ണിച്ചറുകളും അറ്റകുറ്റപ്പണി ചെയ്ത് നവീകരിച്ചു.
നിരവധി ഇന്സിലേറ്ററുകള്, ജനറേറ്റര്‍ എന്നിവയും ക്യാമ്പിന്റെ ഭാഗമായി റിപ്പയര്‍ ചെയ്തു.തകരാറിലായ വയറിംഗ്, പ്ലംബിങ്ങ് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയ വോളണ്ടിയര്‍മാര്‍ പുതിയതായി വാഹന പാര്‍ക്കിംഗ് ഷെഡും മാലിന്യങ്ങള്‍ തരം തിരിച്ച് സംഭരിക്കാനുള്ള വേസ്റ്റ് മെറ്റീരിയല്‍ കളക്ഷന്‍ സെന്ററും നിരവധി വേസ്റ്റ് ബിന്നുകളും പുതിയതായി നിര്‍മിച്ചു.
120 എന്‍എസ്എസ് വോളണ്ടിയര്‍മാരോടൊപ്പം വിദഗ്ദരായ 25ലേറെ അദ്ധ്യാപകരും ചേര്ന്ന്ഏഴ് ദിവസത്തെ മാതൃകാപരമായ സേവന പ്രവര്‍ത്തനത്തിലൂടെയാണ് ഈ നേട്ടങ്ങളുണ്ടാക്കിയത്.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എന്‍എസ്എസ് ടെക്നിക്കല്‍ സെല്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ സാങ്കേതിക വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥിനികള്‍ക്ക് ആത്മവിശ്വാസവും തൊഴില്‍ നൈപുണ്യവും കൈവരിക്കാന്‍ ക്യാമ്പ് സഹായകമായി.
ക്യാമ്പിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ടി.വേണുഗോപാല്‍, കെ.എ. നെല്‍സണ്‍ എന്നിവര്‍ നിര്‍വഹിച്ചു.പ്രോഗ്രാം ഓഫീസര്‍മാരായ എ.വി.സലില്‍, എം.അനീഷ് കുമാര്‍ വോളണ്ടിയര്‍ സെക്രട്ടറിമാരായ പി.പി.അഭിസൂര്യ, ടി.പിസ്നേഹ, എസ്.ആര്യ, ടി.അമയ എന്നിവര്‍ നേതൃത്വം നല്കി.