ചെന്നൈ: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ വനിതാ എസ്ഐ വെടിവച്ചു വീഴ്ത്തി.
സ്ഥിരം കുറ്റവാളിയായ ബന്തു സൂര്യയ്ക്കാണു വെടിയേറ്റത്. കാൽമുട്ടിനു വെടിയേറ്റ സൂര്യയെയും കൈയ്ക്കു വെട്ടേറ്റ രണ്ടു പോലീസ് ഉദ്യോഗസ്ഥരെയും കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാഴ്ചയ്ക്കിടെ ചെന്നൈയിൽ ഉണ്ടാകുന്ന സമാനമായ രണ്ടാമത്തെ പോലീസ് വെടിവയ്പാണിത്.
കഴിഞ്ഞ ഞായറാഴ്ച ചെന്നൈയിലെ കൊന്നൂർ ഹൈവേയിൽ ബന്തു സൂര്യ, മറ്റു രണ്ടു പേർക്കൊപ്പം മദ്യപിച്ച് ഹെൽമെറ്റില്ലാതെ ബൈക്കിൽ സഞ്ചരിക്കവേ വാഹനപരിശോധന നടത്തിയ അയ്നാവരം എസ്ഐ ശങ്കർ തടഞ്ഞിരുന്നു.
പോലീസിനെ വെട്ടിച്ചുകടന്ന പ്രതികളെ എസ്ഐയും സംഘവും പിന്തുടർന്നു. എസ്ഐയുടെ തലയിൽ ഇരുമ്പുകമ്പി കൊണ്ട് അടിച്ച് പ്രതികൾ കടന്നുകളഞ്ഞു.
തുടർന്ന് അയ്നാവരം അസിസ്റ്റന്റ് എസ്ഐ മീനയുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
ബന്തു സൂര്യയെ വീട് വളഞ്ഞു പിടികൂടി സ്റ്റേഷനിലേക്ക് എത്തിക്കും വഴിയാണ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
മൂത്രമൊഴിക്കാൻ വാഹനം നിറുത്തിച്ച് പുറത്തിറങ്ങിയ ഇയാൾ സമീപത്തെ കടയിൽനിന്ന് കത്തിയെടുത്ത് പോലീസ് ഉദ്യോഗസ്ഥരെ വെട്ടുകയായിരുന്നു. ഉടനെ എസ്ഐ മീന വെടിയുതിർത്തു.