എരുമേലി: വാറണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ വനിതാ എസ്ഐക്ക് മര്‍ദ്ദനം. എസ്ഐ ശാന്തി കെ.ബാബുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ എലിവാലിക്കര സ്വദേശി കീച്ചേരില്‍ വി.ജി.ശ്രീധരനെ പോലീസ് അറസ്റ്റ് ചെയ്തു.
എരുമേലി എലിവാലിക്കരയില്‍ ഞായറാഴ്ചയാണ് സംഭവം. 2013ല്‍ അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ച കേസിലെ അറസ്റ്റ് വാറണ്ട് നടപ്പാക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ പ്രതി അതിക്രമം നടത്തുകയായിരുന്നു.
പ്രതി ശ്രീധരന് വീടിനകത്തു കയറി വാതിലടയ്ക്കാന്‍ ശ്രമിച്ചു. വാതില്‍ തളളിത്തുറക്കാന്‍ പൊലീസും ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടായി.
ഇതിനിടയില്‍ വനിതാ എസ്ഐയെ ഇയാള്‍ മുടിക്ക് കുത്തിപ്പിടിക്കുകയും പുറത്ത് ഇടിക്കുകയും ചെയ്യുകയായിരുന്നു. അക്രമാസക്തനായ പ്രതിയെ ഏറെ പ്രയാസപ്പെട്ടാണ് പോലീസ് പിന്നീട് കീഴ്പ്പെടുത്തിയത്.
പ്രതി അയല്‍വാസികളുമായി നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ ഇയാളെ അന്വേഷിച്ചെത്തിയ പൊലീസുകാര്‍ക്കു നേരെ നായയെ അഴിച്ചുവിട്ട സംഭവവും ഉണ്ടായിട്ടുണ്ട്.
എസ്ഐയെ ആക്രമിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്.