സ്വന്തംലേഖകന്‍
കോഴിക്കോട്: വനിതാ ദിനത്തിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പെണ്‍കുട്ടികളുടേയും സീത്രീകളുടെയും സുരക്ഷിതത്വം പ്രഖ്യാപനത്തില്‍ ഒതുങ്ങി. സഹായം തേടി വനിതാ ഹെല്പ്പ്ലൈനില് ബന്ധപ്പെട്ടാല്‍ തുണയായി പോലീസ് ഉണ്ടാവുമെന്ന് കരുതിയാല്‍ തെറ്റി.
കോഴിക്കോട് സിറ്റി പോലീസിലെ വനിതാ ഹെല്പ്പ്ലൈന് നമ്പര്‍ ‘പരിധിയ്ക്ക് പുറത്താണ്’. 1091 നമ്പറാണ് ഒരു പ്രതികരണവുമില്ലാതെ നിശ്ചലമായിരിക്കുന്നത്. ഇന്ന് രാവിലെ 11 വരെ ഈ നമ്പര്‍ ലഭ്യമല്ല. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണു പോലീസിന്റെ ഹെല്പ്പ്ലൈനില് വിളിച്ചാല്‍ ലഭിക്കാതിരിക്കുന്നത്.
സാധാരണ വനിതാ ഹെല്പ്പ്ലൈന് നമ്പര്‍ ഏതെങ്കിലും കാരണങ്ങളാല്‍ പ്രവര്‍ത്തന രഹിതമായാല്‍ കണ്ട്രോള് റൂമിലേക്ക് കോളുകള്‍ ബന്ധിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തരം സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല.
യാത്രക്കിടയിലും ജോലിസ്ഥലത്തും മറ്റും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാല്‍ വനിതാ ഹെല്പ്പ്ലൈന് നമ്പറിനെയാണ് ആശ്രയിക്കാറുള്ളത്. ഈ നമ്പറാണ് പൊതുഇടങ്ങളിലും ബസുകളിലുംവരെ പോലീസ് പരസ്യപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ നമ്പറില്‍ വിളിച്ചാലും നീതി ലഭിക്കാത്ത അവസ്ഥയാണിപ്പോഴുള്ളത്.്