ക്വലാലംപുർ: ഏഷ്യ കപ്പ് വനിതാ ട്വന്റി20യിൽ ഇന്ത്യക്കു തുടർച്ചയായ രണ്ടാം ജയം. 66 റണ്‍സിനു തായ്ലൻഡിനെ ഇന്ത്യ പരാജയപ്പെടുത്തി. മിതാലി രാജ് ഇല്ലാതെ ഇറങ്ങിയ മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്കു ശോഭിക്കാനായില്ല. 20 ഓവറിൽ ഇന്ത്യ നാലു വിക്കറ്റിന് 132 റണ്‍സ് എടുത്തു.
തായ്ലൻഡിന് 20 ഓവറിൽ എട്ട് വിക്കറ്റിന് 66 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. പുറത്താകാതെ 17പന്തിൽ 27 റണ്‍സ് എടുക്കുകയും തായ്ലൻഡിന്റെ മൂന്നു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഹർമൻപ്രീത് കൗറാണ് കളിയിലെ താരം.
ടോസ് നേടിയ തായ്ലൻഡ് ഇന്ത്യയെ ബാറ്റിംഗിനുവിടുകയായിരുന്നു. മോണാ മെഷ്റമും സ്മൃതി മന്ദാനയും ചേർന്ന് മികച്ച തുടക്കം നൽകി. 53 റണ്‍സിലാണ് ഒന്നാം വിക്കറ്റ് സഖ്യം പിരിഞ്ഞത്. ഫോമിലെത്താൻ വിഷമിക്കുന്ന വേദ കൃഷ്ണമൂർത്തിക്കു സ്ഥാനക്കയറ്റം നല്കി. എന്നാൽ, വേദയ്ക്ക് (11 റൺസ്) പ്രതീക്ഷ കാക്കാനായില്ല. നായിക ഹർമൻപ്രീത് കൗറിന്റെ 17 പന്തിൽ 27 പ്രകടനമാണ് അവസാന ഓവറുകളിൽ ഇന്ത്യയുടെ സ്കോർ ഉയർത്തിയത്. അനുജ പട്ടേലുമായി ചേർന്ന് 49 റണ്‍സിന്റെ കൂട്ടുകെട്ടാണ് നായിക സ്ഥാപിച്ചത്.
മറുപടിയിൽ തായ്ലൻഡിന് ഓപ്പണർ നാറ്റാകൻ ചന്ദാമിനെ വേഗത്തിൽ നഷ്ടമായി. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ നാരുമോൾ ചവായി-ബൂചാതം എന്നിവർ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും സ്കോറിംഗ് ഇഴയുകായിയുരന്നു. 52 പന്തിൽ 31 റണ്‍സാണ് ഇരുവരുമെടുത്തത്. പിന്നീട് വേഗത്തിലുള്ള വിക്കറ്റ് വീഴ്ചകൂടി ചേർന്നപ്പോൾ ഇന്ത്യ ജയം ഉറപ്പിച്ചു. ദീപ്തി ശർമ രണ്ടും ഹർമൻപ്രീത് മൂന്നു വിക്കറ്റു വീഴ്ത്തി.