ധാംബുള്ള: ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. നാളെ നടക്കുന്ന ഫൈനലിൽ ശ്രീലങ്കയാണ് ആണ് ഇന്ത്യയുടെ എതിരാളികൾ.
ബംഗ്ലാദേശ് വനിതകളെ തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ഏകപക്ഷീയ മത്സരത്തിൽ 10 വിക്കറ്റിന് ഇന്ത്യ സെമിയിൽ വെന്നിക്കൊടി പാറിച്ചു. സ്കോർ: ബംഗ്ലാദേശ് 80/8 (20), ഇന്ത്യ 83/0 (11). നാല് ഓവറിൽ 10 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ രേണുക സിംഗാണ് പ്ലെയർ ഓഫ് ദ മാച്ച്.
ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. 10.5 ഓവറിൽ 33 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് അവർക്കു നഷ്ടപ്പെട്ടു. ആദ്യ മൂന്നു വിക്കറ്റും രേണുക സിംഗിനായിരുന്നു. നാലാം നന്പറായെത്തിയ ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് (51 പന്തിൽ 32) ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ഇന്ത്യക്കുവേണ്ടി രേണുക സിംഗിനൊപ്പം രാധ യാദവും മൂന്നു വിക്കറ്റ് സ്വന്തമാക്കി.
ചെറിയ സ്കോറിനായി ക്രീസിലെത്തിയ ഇന്ത്യ 11 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഫൈനലിലേക്ക് മുന്നേറി. ഷെഫാലി വർമ 28 പന്തിൽ 26 റണ്‍സുമായും സ്മൃതി മന്ദാന 39 പന്തിൽ 55 റണ്‍സുമായും പുറത്താകാതെ നിന്നു.
പാക്കിസ്ഥാനെ മൂന്നു വിക്കറ്റിനു കീഴടക്കിയാണ് ആതിഥേയരായ ശ്രീലങ്ക ഫൈനലിൽ പ്രവേശിച്ചത്. സ്കോർ: പാക്കിസ്ഥാൻ 140/4 (20). ശ്രീലങ്ക 141/7 (19.5).