ദുബായ്: ഐസിസി വനിതാ ട്വന്റി-20 ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആദ്യ പത്തിൽ. ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി-20യിൽ അർധസെഞ്ചുറിയോടെ ഹർമൻപ്രീത് കൗർ പുറത്താകാതെ നിന്നിരുന്നു.
627 റേറ്റിംഗ് പോയിന്റുമായി 10-ാം സ്ഥാനത്താണ് ഹർമൻപ്രീത് കൗർ. 728 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള സ്മൃതി മന്ദാനയാണ് ആദ്യപത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. ഓസ്ട്രേലിയയുടെ താലിയ മഗ്രാത്താണ് (784) ഒന്നാം സ്ഥാനത്ത്.
ബൗളിംഗിൽ മൂന്നാമതുള്ള ദീപ്തി ശർമയും ഒന്പതാം സ്ഥാനത്തുള്ള രേണുക സിംഗുമാണ് ആദ്യപത്തിലെ ഇന്ത്യൻ സാന്നിധ്യങ്ങൾ. ട്വന്റി-20 വനിതാ ടീം റാങ്കിംഗിൽ 265 പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.
ഓസ്ട്രേലിയ (303), ഇംഗ്ലണ്ട് (282), ന്യൂസിലൻഡ് (268) ടീമുകളാണ് ആദ്യമൂന്ന് സ്ഥാനങ്ങളിൽ. വനിതാ ഏകദിനത്തിലും നാലാം സ്ഥാനത്താണ് ടീം ഇന്ത്യ.