ഗോൾഡ് കോസ്റ്റ് (ഓസ്ട്രേലിയ): 15 വർഷത്തിനുശേഷം ഇന്ത്യ-ഓസ്ട്രേലിയ വനിതാ ടെസ്റ്റ് ക്രിക്കറ്റിന് ഇന്നു തുടക്കമാകും.
ഒരു മത്സരമാണു പരന്പരയിലുള്ളത്. ശക്തരായ ഓസ്ട്രേലിയയ്ക്കെതിരേ ഏകദിനത്തിൽ പുറത്തെടുത്ത പോരാട്ടവീര്യത്തിന്റെ ആത്മവിശ്വാസത്തിലാണു മിതാലി രാജും കൂട്ടരും തങ്ങളുടെ ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്.
ഏകദിന പരന്പര 2-1ന് നഷ്ടമാക്കിയെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. ഓസ്ട്രേലിയൻ വനിതകളുടെ രണ്ടാമത്തെ ഡേ-നൈറ്റ് ടെസ്റ്റാണ്. 2017 നവംബറിലാണ് ഓസ്ട്രേലിയ ആദ്യമായി ഡേ-നൈറ്റ് മത്സരത്തിനിറങ്ങിയത്.
ഡേ-നൈറ്റ് ടെസ്റ്റിന് ഇന്നിറങ്ങുന്ന ഇരുടീമിനും അധികം പരിശീലനം നടത്താൻ അവസരം ലഭിച്ചില്ല. എന്നാൽ മാരകമായ പേസ് ആക്രമണത്തിലൂടെ ഇന്ത്യയെ വീഴ്ത്താമെന്നാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷ.
ഏഴു വർഷത്തിനുശേഷമാണ് ഇന്ത്യ ടെസ്റ്റിനിറങ്ങുന്നത്. അന്ന് ഇംഗ്ലണ്ടിനെതിരേ സമനില നേടാൻ ഇന്ത്യക്കായി. 2006ലാണ് ഇന്ത്യയും ഓസ്ട്രേലിയയും അവസാനമായി ടെസ്റ്റിൽ ഏറ്റുമുട്ടിയത്.
രണ്ടു ടീമിലും കളിക്കാരിൽ മാറ്റങ്ങൾ വന്നെങ്കിലും ഇന്ത്യയുടെ മിതാലി രാജും ജുലാൻ ഗോസ്വാമിയും ഇപ്പോഴും ടീമിലെ പ്രധാന താരങ്ങളായി തുടരുന്നു.