പേരാമ്പ്ര: അപകടങ്ങളും രോഗവും കാരണം വേദന സഹിച്ചു ജോലി ചെയ്യുന്ന വനിത വില്ലേജ് ഓഫീസർ പറയുന്നു; ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതേയെന്ന്.കഴിഞ്ഞ ദിവസം നടപടി ആവശ്യപ്പെട്ടു ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ പ്രമേയം അവതരിപ്പിച്ചതു ഈ വില്ലേജ് ഓഫീസറെ ഉന്നംവച്ചാണ്.
എതിർപ്പു പ്രകടിപ്പിച്ച യുഡിഎഫിനെ അവഗണിച്ചാണു എൽ ഡിഎഫ് പ്രമേയം പാസാക്കിയത്. മൂന്നു മാസം മുമ്പാണു ചക്കിട്ടപാറ വില്ലേജ് ഓഫീസിൽ ആലപ്പുഴക്കാരിയായ ഓഫീസർ സാഫി ഫിലിപ്പ് ചാർജെടുക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ട രേഖകൾ യഥാസമയം നൽകിയില്ലെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ഇവർക്കെതിരെ ഉയർന്ന ആരോപണം. ഒരു കെട്ടിടത്തിന്റെ വാല്യൂ വേഷൻ സംബന്ധിച്ച രേഖയായിരുന്നത്.
പുതിയതായി വന്നതിനാൽ കാര്യങ്ങൾ പഠിക്കണമെന്നു ഓഫീസർ പറഞ്ഞതാണു പ്രശ്നമായത്. നിയമവിരുദ്ധമായി കാര്യങ്ങൾ ചെയ്യുകയില്ലെന്ന നിലപാടിലുറച്ചു നിന്നതാണു അവർക്കു വിനയായത്. ബൈക്കപകടത്തെ തുടർന്ന് ദീർഘകാലം അബോധാവസ്ഥയിലും തുടർന്നു ലീവെടുത്തും കഴിഞ്ഞ ഇവരുടെ കാലുകൾക്കും പ്രശ്നമുണ്ട്.
മറ്റൊരു അസുഖത്തിനു ഓപ്പറേഷനും വിധേയമായിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളാൽ വലയുന്ന ഘട്ടത്തിലാണ് ലീവ് തീർന്നപ്പോൾ അത്തോളി ഓഫീസിൽ നിന്നു ചക്കിട്ടപാറയിലേക്കു മാറ്റം കിട്ടുന്നത്. കാൽനട സഞ്ചാരത്തിനു ക്ലേശം നേരിടുന്ന അവർ സ്റ്റെപ്പുകൾ കയറിയിറങ്ങാൻ ആയാസപ്പെടുന്നുമുണ്ട്. എങ്കിലും ജോലിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറുമല്ല.