സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: വിദേശത്ത് കോവിഡ് 19 വാക്സിൻ പരീക്ഷണം സ്വന്തം ശരീരത്തിൽ നടത്താൻ അനുമതി നൽകിയ മലയാളി ദന്പതികൾക്ക് അഭിവാദ്യം അർപ്പിച്ച് അവണൂരിൽ ബോർഡുകൾ ഉയർന്നു.
ദുബായിൽ ബിസിനസുകാരനായ പാലക്കാട് പട്ടാന്പി സ്വദേശി വിനോദ്(39), ഭാര്യ മാധ്യമ പ്രവർത്തകയായ അവണൂർ മണിത്തറ സ്വദേശി വനിത (35) എന്നിവരാണ് കോവിഡ് വാക്സിൻ പരീക്ഷണത്തിന് തയ്യാറായത്.
യുഎഇയിൽ കോവിഡ് 19 വാക്സിന്റെ മൂന്നാം ഘട്ടം പരീക്ഷണത്തിൽ പങ്കുചേർന്ന ഇവർക്ക് ഷാർജയിൽ ജൂലൈ മാസത്തിലാണ് വാക്സിൻ പരീക്ഷണം നടത്തിയത്. ഇരുവർക്കും ആശംസകൾ അർപ്പിച്ച് കൊണ്ടാണ് വനിതയുടെ ജന്മനാട്ടിൽ ബാനറുകളും ബോർഡുകളും ഉയർന്നിട്ടുള്ളത്.
മുൻ കെഎസ്ഇബി ജീവനക്കാരാനായ വിജയന്റെയും മെഡിക്കൽ കോളജ് ജീവനക്കാരിയായ വത്സലയുടെയും നാലുമക്കളിൽ രണ്ടാമത്തെ മകളാണ് വനിത. മുൻ അവണൂർ പഞ്ചായത്ത് അംഗം വിജേഷ്, വഹിത, വിജി എന്നിവർ സഹോദങ്ങളാണ്.
വിദേശത്തേക്ക് പോകുന്നതിനു മുൻപും വനിത നാട്ടിൽ സാമൂഹ്യപ്രവർത്തനരംഗത്ത് സജീവമായിരുന്നു. 11 വർഷം മുന്പാണ് വിനോദിനെ വിവാഹം ചെയ്ത് ഗൾഫിലേക്ക് പോയത്. ഇവർ സ്വന്തം ശരീരം വാക്സിൻ പരീക്ഷണത്തിന് നൽകിക്കൊണ്ട് കോവിഡ് എന്ന മഹാമാരിക്കുള്ള പോരാട്ടത്തിൽ പങ്കാളികളായിരിക്കുകയാണ്.
കോവിഡ് ബാധിച്ച് തങ്ങൾക്കറിയാവുന്ന മൂന്നുപേരുടെ മരണമാണ് ഈ മരുന്നു പരീക്ഷണത്തിന് സ്വയം വിധേയമാകാൻ ഇവരെ പ്രേരിപ്പിച്ചതത്രെ.