കൂത്താട്ടുകുളം: നഗരസഭ സ്വകാ ര്യ ബസ് സ്റ്റാൻഡിലെ വനിതാ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ആറു മാസം പിന്നിട്ടിട്ടും തുറന്നു നൽകാത്തതിൽ പ്രതിഷേധം വ്യാപകമാകുന്നു. വൈകുന്നേരങ്ങളിൽ ഇവിടം നിലവിൽ അതിഥി തൊഴിലാളികളുടെ വിശ്രമകേന്ദ്രമാണ്.
എയർകണ്ടീഷൻ, ടോയ്ലറ്റ് തുടങ്ങിയ ആധുനിക സൗകര്യത്തോടെ വനിതകൾക്കു മുലയൂട്ടുന്നതിനും മറ്റും വേണ്ടി 16 ലക്ഷം രൂപയുടെ നഗരസഭ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് വിശ്രമകേന്ദ്രം പൂർത്തീയാക്കിയത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളുടെ സംഗമ സ്ഥലമായ കൂത്താട്ടുകുളത്ത് ആയിരത്തിലത്തികം പേരാണ് വന്നുപോകുന്നത്. സ്ത്രീകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇന്ന് ഇവിടം അപര്യാപ്തമാണ്.
വർഷങ്ങൾ പഴക്കമുള്ള ഒരു പൊതുകക്കൂസ് സ്റ്റാൻഡിനു വെളിയിലുണ്ട് എന്നതൊഴിച്ചാൽ നല്ലൊരു ടോയ്ലറ്റ് സൗകര്യം ഇവിടെയില്ല. വേണ്ട ഇരിപ്പട സൗകര്യങ്ങളോ സ്ത്രീകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളോയില്ല. എത്രയും വേഗം വിശ്രമകേന്ദ്രം തുറന്നു നൽകണമെന്നാണ് വനിതാ യാത്രകരുടെ ആവശ്യം.
കെട്ടിടം പൂർത്തീകരിച്ചിരുന്നെങ്കിലും വൈദ്യുതി, വാട്ടർ എന്നിവയുടെ കണക്ഷനുകൾ ലഭിക്കാൻ താമസം വന്നതും സ്ഥിരമായി രാവിലെ തുറന്ന് വൈകുന്നേരം അടക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താനുള്ള കാലതാമസവുമാണ് വിശ്രമകേന്ദ്രേം തുറക്കുന്നതിന് തടസമായതെന്ന് ചെയർമാൻ പി.സി.ജോസ്, മുൻ ചെയർമാൻ പ്രിൻസ് പോൾ ജോണ് എന്നിവർ അറിയിച്ചു.