ന്യൂഡല്‍ഹി: വനിത ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യ നാലു മെഡൽ ഉറപ്പിച്ചു. മാഗ്നിഫിസന്റ് മേരിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മേരി കോമിലൂടെയാണ് ഇന്ത്യ ഇന്നലെ സെമി ഫൈനൽ പ്രവേശനത്തിനു തുടക്കമിട്ടത്.
സെമി ഫൈനലിലെത്തിയതോടെ മേരി കോം തന്റെ ഏഴാം ലോക ചാന്പ്യ ൻഷിപ്പ് മെഡല്‍ ഉറപ്പിച്ചു. മുപ്പത്തിയഞ്ചുകാരിയും മൂന്നു കുട്ടികളുടെ അമ്മയുമായ മേരി കോം ലൈറ്റ് ഫ്ളൈവെയ്റ്റ് (48 കിലോഗ്രാം) വിഭാഗത്തില്‍ ചൈനയുടെ വു യുവിനെ 5-0ന് തകര്‍ത്താണു സെമിയിലെത്തിയത്.
ബോക്സിംഗ് വനിത ലോക ചാമ്പ്യന്‍ഷിപ്പില്‍ മികവ് തെളിയിച്ച താരമാണു മേരി കോം. ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും ഇന്ത്യൻ താരത്തിന്റെ അക്കൗണ്ടിലുണ്ട്. 2010 ലോക ചാമ്പ്യന്‍ഷിപ്പിലാണ് മേരി കോം അവസാനമായി സ്വര്‍ണം നേടിയത്. അത് 48 കിലോഗ്രാം ഇനത്തിലായിരുന്നു.
മേരി കോമിനു പിന്നാലെ ലൗലിന ബോര്ഗോഹിന്, സിമ്രാന്‍ജിത് കൗര്‍, സോണിയ ചഹാല്‍ എന്നിവരും സെമിയിലെത്തി. എന്നാല്‍ ഇന്ത്യ മനീഷ മൗന്‍ ക്വാര്‍ട്ടറില്‍ പുറത്തായത് ഇന്ത്യക്കു നിരാശയായി. ലൗലിന ഓസ്ട്രേലിയയുടെ കെയ് സ്കോട്ടിനെ പരാജയപ്പെടുത്തി. 64 കിലോഗ്രാമില്‍ സിമ്രാന്‍ജിത് അയര്‍ലന്‍ഡിന്റെ അമി സാറയെ തോല്‍പ്പിച്ചു. സോണിയ കൊളംബിയയുടെ യെനി കാസ്റ്റെന്ഡയെ 4-1ന് പരാജയപ്പെടുത്തി.
ഇതു കഠിനമായ പോരാട്ടമായിരുന്നു. എന്നാല്‍ അത്ര കഠിനമോ അത്ര അനായാസമോ ആയിരുന്നില്ല. ചൈനയില്‍നിന്നു മികച്ച ബോക്സര്‍മാര്‍ വരുന്നുണ്ട്. ഇവരില്‍ പലരുമായി ഏറ്റുമുട്ടിയിട്ടുമുണ്ട്. എന്നാല്‍ വു യുവുമായി ആദ്യമായാണ് ഏറ്റുമുട്ടുന്നത്- മത്സരശേഷം മേരി കോം പറഞ്ഞു.
ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയിട്ടുള്ള ഇന്ത്യന്‍ താരം സെമിയില്‍ ഉത്തര കൊറിയയുടെ കിം ഹയാംഗ് മിയെ നേരിടും. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം ഹയാംഗ് മിയെ തോല്‍പ്പിച്ചിരുന്നു. സെമി ഫൈനല്‍ പോരാട്ടത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. എന്നാല്‍ അമിതമായ ആത്മവിശ്വാസമില്ല- മേരി കോം കൂട്ടിച്ചേർത്തു.
മേരി കോമിനു റിക്കാർഡ്
സെമി പ്രവേശനത്തോടെ മെഡല്‍ ഉറപ്പാക്കിയ മേരി കോം ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടൂന്ന വനിതാ താരമെന്ന റിക്കാര്‍ഡ് ഉറപ്പാക്കി. ഇതിനുമുമ്പ് മെഡല്‍ എണ്ണത്തില്‍ ഇന്ത്യന്‍ താരം ഐറിഷ് ഇതിഹാസം കെയ്റ്റ് ടെയ്ലറുമായി റിക്കാര്‍ഡ് പങ്കിടുകയായിരുന്നു.