തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാലിനെതിരെയും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനുമെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. മോഹൻലാലിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. അത് അസ്ഥാനത്തായി. മോഹൻലാൽ ഉത്തരവാദിത്വ ബോധം കാട്ടണമെന്നും അവർ പറഞ്ഞു.
നടിമാർക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ അത്ഭുതം തോന്നുന്നില്ല. മോഹൻലാൽ ആരാധകരെ നിലയ്ക്ക് നിൽത്തണമെന്നും നടിമാർക്കെതിരെ അവഹേളനം പാടില്ലെന്ന് മോഹൻലാൽ ഉൾപ്പെടെയുള്ളവർ പറയണമെന്നും അവർ ആവശ്യപ്പെട്ടു.
ബി. ഉണ്ണികൃഷ്ണൻ ദിലീപിനെ നായകനാക്കി സിനിമ ചെയ്യുന്നതിനെയും കമ്മീഷൻ വിമർശിച്ചു. കുറ്റാരോപിതനെവച്ച് സിനിമ ചെയ്യുന്നവർ നീതിബോധം കാട്ടണം. സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു.