കോട്ടയം: വ്യാജ പരാതി നല്കി വനിതാ കമ്മീഷനെ ദുരുപയോഗം ചെയ്യുന്ന പ്രവണത വർധിക്കുന്നതായി കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിൽ വ്യാജ പരാതികളുമായി എത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീളാദേവി.
കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ഇന്നലെ നടന്ന സിറ്റിംഗിലാണ് അവർ ഇക്കാര്യം ചൂണ്ടികാട്ടിയത്. പള്ളിയിൽ കുശിനി പണി ചെയ്യുന്ന ഒരു സ്ത്രീ എട്ട് പേർ തന്നെ അധിക്ഷേപിച്ചതായി ആരോപിച്ച് നൽകിയ പരാതിയിൽ ഒരാളുടെ പേര് മാത്രം സൂചിപ്പിച്ചിട്ടുളളതിനെപ്പറ്റി തിരക്കിയപ്പോൾ താനല്ല പരാതി തയാറാക്കിയതെന്നാണു പരാതിക്കാരി വെളിപ്പെടുത്തിയത്.
പരാതി സംബന്ധിച്ചു കൂടുതൽ വിവരം നൽകാനും അവർ തയാറായില്ല. സ്കൂളിലേക്കുളള യാത്രയ്ക്കിടയിൽ സ്കൂട്ടറിടിച്ചു പരിക്കേറ്റ വിദ്യാർഥിയെ അധ്യാപകർ ആശുപത്രിയിലെത്തിച്ചെങ്കിലും മതിയായ ചികിത്സ നൽകാൻ അധ്യാപകർ നടപടി സ്വീകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പരിശോധിക്കവേ പരാതിയിൽ പറഞ്ഞിരിക്കുന്ന അധ്യാപകരല്ല മറ്റൊരു അധ്യാപകനെതിരെയാണു പരാതിയെന്നും അയാളുടെ പേര് അറിയാത്തതിനാലാണ് മറ്റ് അധ്യാപകരുടെ പേര് പരാതിയിൽ കാണിച്ചതെന്നുമാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ.
എറണാകുളം ജനറൽ ആശുപത്രിയിലെ അറ്റൻഡർ നട്ടാശേരി സ്വദേശിയായ യുവതി ലീവിനുശേഷം ജോലിയിൽ പ്രവേശിക്കാൻ ക്ലാർക്ക് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് നൽകിയ പരാതിയും പൂഞ്ഞാർ പ്രദേശത്തെ ഒരു കള്ളുഷാപ്പിൽ ഭക്ഷ്യ വിഭവങ്ങളുണ്ടാക്കുന്നതിന്റെ അവശിഷ്്ടങ്ങൾ അലക്ഷ്യമായി നിക്ഷേപിക്കുന്നതുമൂലം പരിസര മലീനകരണം ഉണ്ടാക്കുന്നതായി കാണിച്ച് അയൽവാസിയായ വീട്ടമ്മ ആരോഗ്യ വകുപ്പ് അധികൃതർക്ക് നൽകിയ പരാതിയിൽ ഷാപ്പിന് അനുകൂലമായി നിലപാട് എടുക്കുന്നുവെന്ന് ആരോപിച്ചുളള പരാതിയും സിറ്റിംഗിൽ പരിഗണിച്ചു.
ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. അദാലത്തിൽ പരിഗണിച്ച 63 പരാതികളിൽ 28 എണ്ണം തീർപ്പാക്കി. എട്ട് കേസുകൾ പോലീസിന്റെയും ആറു എണ്ണം ആർഡിഒയുടെയും റിപ്പോർട്ടിനായി അയച്ചു. 21 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി.